സ്കൂൾ തുറക്കൽ: തൊടുപുഴ നഗരത്തിൽ ഗതാഗത സംവിധാനങ്ങൾ ഒരുക്കണമെന്ന് മുനിസിപ്പൽ ചെയർമാൻ
1298700
Wednesday, May 31, 2023 3:40 AM IST
തൊടുപുഴ: സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി തൊടുപുഴ നഗരത്തിൽ ആവശ്യമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കാൻ പോലീസ് തയാറാകണമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ആവശ്യപ്പെട്ടു. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ഗാന്ധി സ്ക്വയർ, മോർ ജംഗ്ഷൻ, വെങ്ങല്ലൂർ സിഗ്നൽ, മങ്ങാട്ടുകവല തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ സ്കൂൾ സമയത്ത് അധികമായി പോലീസിനെ നിയോഗിക്കണം.
നഗരത്തിലെ അനധികൃത പാർക്കിംഗ്, കിഴക്കേയറ്റം മുതൽ പുളിമൂട്ടിൽ ജംഗ്ഷൻ വരെയുള്ള ഗതാഗത കുരുക്ക്, റോഡിന് ഇരുവശങ്ങളിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമുള്ള ഗതാഗതക്കുരുക്ക് തുടങ്ങിയവയ്ക്കെതിരേ ട്രാഫിക് പോലീസ് ശക്തമായ നടപടികളെടുക്കണം.
കൂടാതെ നഗരത്തിലെ റോഡുകളിലെയും സ്കൂളിനു സമീപമുള്ള റോഡുകളിലെയും മാഞ്ഞുപോയ സീബ്രാ ലൈനുകൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ പിഡബ്ല്യുഡി അധികൃതർക്കും നിർദേശം നൽകി.
വിദ്യാർഥികളുടെയും യാത്രക്കാരുടെയും സഞ്ചാരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിൽ പുറത്തേക്ക് ഇറക്കി വച്ചുള്ള കച്ചവടം ഒഴിപ്പിക്കുമെന്നും വരുംദിവസങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധനകൾ ശക്തമാക്കുമെന്നും ചെയർമാൻ അറിയിച്ചു.