മ്ലാ​മ​ല​ക്കാ​രു​ടെ സ​ങ്ക​ട​ം: ഹൈക്കോട​തി ഇ​ട​പെ​ടു​ന്നു
Monday, November 11, 2019 10:09 PM IST
മ്ലാ​മ​ല: വ​ണ്ടി​പ്പെ​രി​യാ​ർ, ഏ​ല​പ്പാ​റ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, പീ​രു​മേ​ട്, കു​മ​ളി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ തോ​ട്ടം - കു​ടി​യേ​റ്റ ക​ർ​ഷ​ക മേ​ഖ​ല​യാ​യ ഗ്രാ​മ​ത്തി​ന്‍റെ പേ​രാ​ണ് മ്ലാ​മ​ല. അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും മ്ലാ​മ​ല​ക്ക​ർ വോ​ട്ടു​ചെ​യ്ത മെ​ന്പ​ർ​മാ​രു​മു​ണ്ട്. ബ്ലോ​ക്ക് - ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പ്ര​തി​നി​ധി​ക​ളു​ണ്ട്. പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഇ​വി​ടെ ആ​ളു​ക​ൾ​ക്ക് സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ ഒ​രു റോ​ഡു​പോ​ലു​മി​ല്ല.

ര​ണ്ടു​പാ​ല​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലേ നാ​ട്ടു​ക​ർ​ക്ക് അ​ക്ക​രെ​യി​ക്ക​രെ ക​ട​ക്കാ​നാ​കൂ. കു​ട്ടി​ക​ള​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​നോ നാ​ട്ടു​കാ​ർ​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്താ​നോ രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കാ​നോ ക​ഴി​യു​ന്നി​ല്ല. തോ​ട്ടം വ്യ​വ​സാ​യ​ത്തി​ന്‍റെയും കാ​ർ​ഷി​ക കു​ടി​യേ​റ്റ​ത്തി​ന്‍റെ​യും ബാ​ക്കി​പ​ത്ര​മാ​യി ഇ​വി​ടെ ജീ​വി​ത​മാ​രം​ഭി​ച്ച​വ​ർ​ക്ക് അധിവസിക്കാൻ ക​ഴി​യു​ന്നി​ല്ല. വോ​ട്ടു​വാങ്ങി പോ​യ​വ​ർ കാ​ല​ങ്ങ​ളാ​യി തി​രി​ഞ്ഞു​നോ​ക്കാ​ത്ത നാ​ടി​നെ ര​ക്ഷി​ക്കാ​ൻ ഇ​പ്പോ​ൾ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.

മ്ലാ​മ​ല ഫാ​ത്തി​മ​മാ​ത സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ക​ണ്ണീ​രു​കൊ​ണ്ട് എ​ഴു​തി​യ ക​ത്തു​ക​ളാ​ണ് ജ​ഡ്ജി​മാ​രു​ടേ​യും ക​ണ്ണു​ന​ന​യ്ക്കാ​ൻ കാ​ര​ണ​മാ​യ​ത്. സ്കൂ​ളി​ലെ 28 ഡി​വി​ഷ​നി​ലെ കു​ട്ടി​ക​ളും ഹൈ​ക്കോ​ട​തി​യി​ലെ 28 ജ​ഡ്ജി​മാ​ർ​ക്കും മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ താ​ഴെ ക​ഴി​യു​ന്ന നാ​ടി​ന്‍റെ ജീ​വി​ത ക​ഷ്ട​പ്പാ​ടു​ക​ൾ വി​വ​രി​ച്ച് ക​ത്തെ​ഴു​തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് നെ​ല്ലി​മ​ല​മ​റ്റ​ത്തി​ന്‍റെയും ഹെ​ഡ്മാ​സ്റ്റ​ർ ജോസഫ് ജോണിന്‍റെയും പി​ടി​എയുടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ ക​ണ്ണീ​ർ​ക​ത്തു​ക​ൾ പോ​സ്റ്റ് ഓ​ഫീ​സി​ലൂ​ടെ ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തി​യ​ത്. ഹൈ​ക്കോ​ട​തി വി​ശ​ദാം​ശ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ടു​ന​ൽ​കാ​ൻ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജി ദി​നേ​ശ് എം. ​പി​ള്ള​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണം സ​ബ് ജ​ഡ്ജി ഇ​ന്ന​ലെ മ്ലാ​മ​ല സ​ന്ദ​ർ​ശി​ച്ചു. സ്കൂ​ളി​ൽ എ​ത്തി​യ സ​ബ് ജ​ഡ്ജി സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച​ന​ട​ത്തി. 29-ന് ​വി​വി​ധ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രേ​യും എം​പി, എം​എ​ൽ​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി അ​ദാ​ല​ത്ത് ന​ട​ത്തും. അ​ദാ​ല​ത്തി​ൽ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യും പ​ങ്കെ​ടു​ത്തേ​ക്കും.

ന​ട​ക്കാ​ൻ വ​ഴി​പോ​ലു​മി​ല്ലാ​ത്ത നാ​ട്ടി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​ക​ളെ അ​യ​യ്ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റ​ല്ലാ​ത്ത​തി​നാ​ൽ വി​വാ​ഹം​പോ​ലും ന​ട​ന്നി​ട്ടി​ല്ലാ​ത്ത​വ​ർ നി​ര​വ​ധി​യു​ണ്ട് ഇ​വി​ടെ. ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​ങ്ങ​ൾ വ​രു​ത്തി​യ വി​ന​ക​ൾ മ്ലാ​മ​ല​യു​ടെ ദു​രി​തം കൂ​ട്ടു​ക​യും​ചെ​യ്തു. പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള പാ​ത​ക​ൾ എ​ല്ലാം ത​ക​ർ​ന്ന​തി​നു പു​റ​മേ മ്ലാ​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ങ്ങ​ളും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി. മ്ലാ​മ​ല​യെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നൂ​റ​ടി​പ്പാ​ല​വും ശാ​ന്തി​പ്പാ​ല​വും ത​ക​ർ​ന്ന​താ​ണ് യാ​ത്രാ​ക്ലേ​ശം അ​തി​രൂ​ക്ഷ​മാ​ക്കി​യ​ത്.

നി​ര​വ​ധി​ത​വ​ണ നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​മാ​യി പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​താ​ണെ​ങ്കി​ലും എ​ല്ലാം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​പ്പോ​കു​ക​യാ​ണ്.വ​ണ്ടി​പ്പെ​രി​യാ​റി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ കീ​രി​ക്ക​ര പാ​ല​ത്തി​ന്‍റെ മ​റു​വ​ശ​ത്ത് എ​ത്തി കാ​ല​ഹ​ര​ണ​പ്പെ​ട്ട പാ​ല​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ക്ക​ണം. രോ​ഗി​ക​ളാ​യ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. മു​ല്ല​പ്പെ​രി​യാ​ർ ജ​ല​ബോം​ബാ​യി നി​ൽ​ക്കു​ന്ന​തു​മൂ​ലം സ്വൈ​ര​ജീ​വി​തം ന​ഷ്ട​മാ​യി ക​ഴി​ഞ്ഞു.