സമർപ്പിതർ സഭയോടൊപ്പം; ഉജ്വലം സിആർഐ സന്യാസസംഗമം
1377276
Sunday, December 10, 2023 2:51 AM IST
മൂവാറ്റുപുഴ: സമർപ്പിതർ സഭയോടൊപ്പമാണെന്നും സഭയുടെ ഹൃദയമാണെന്നും പ്രഖ്യാപിച്ച് കോതമംഗലം, മൂവാറ്റുപുഴ രൂപതകളുടെ സംയുക്ത നേതൃത്വത്തിൽ സമർപ്പിത മഹാസംഗമം സംഘടിപ്പിച്ചു. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന നടന്ന സംഗമത്തിൽ 32 ഓളം സന്യാസ സമൂഹങ്ങളിൽ നിന്നായി ആയിരത്തോളം സമർപ്പിതരും വൈദികരും പങ്കെടുത്തു. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ സഭയുടെ സമസ്ത മേഖലകളിലും ശുശ്രൂഷ ചെയ്യുന്ന സമർപ്പിതർ സഭയുടെ ശക്തിയാണെന്ന് ബിഷപ് പറഞ്ഞു. സിഎംഐ മൂവാറ്റുപുഴ പ്രൊവിൻഷ്യാൽ ഫാ. മാത്യു മഞ്ഞക്കുന്നേൽ അധ്യക്ഷതവഹിച്ചു. മൂവാറ്റുപുഴ ബിഷപ് യൂഹനോൻ മാർ തെയഡോഷ്യസ് അനുഗ്രഹപ്രഭാഷണം നടത്തി. ക്രിസ്തുവിൽ രൂപാന്തരപ്പെട്ട് കാലത്തിന്റെ ചുവരെഴുത്തുകളെ വായിക്കുവാൻ സമർപ്പിതർക്ക് കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കോട്ടയം വിൻസെൻഷ്യൻ പ്രൊവിൻഷ്യാൽ ഫാ. മാത്യു കക്കാട്ടുപിള്ളിൽ, വോയിസ് ഓഫ് നൺസ് കോ-ഓർഡിനേറ്റർ സിസ്റ്റർ സോണിയ തെരേസ് എന്നിവർ സെമിനാർ നയിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കീരംപാറ, എംഎസ്ജെ സന്യാസിനി സമൂഹത്തിന്റെ ജനറൽ സിസ്റ്റർ ഫിലോമി, സിസ്റ്റർ ഗ്ലോറി എന്നിവർ പ്രസംഗിച്ചു. സിആർഐ കോതമംഗലം യൂണിറ്റ് പ്രസിഡന്റ് ഫാ. റോയി കണ്ണഞ്ചിറ പ്രോജക്ട് അവതരിപ്പിച്ചു. മൂവാറ്റുപുഴ നിർമല സദൻ, വാഴപ്പിള്ളി ഗ്രീൻ ഗാർഡൻസ്, കാരക്കുന്നം എൽഎസ്ഡിപി എന്നിവിടങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികൾ, സിആർഐ മ്യൂസിക് ബാൻഡ്, എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.