സ്വന്തം ലേഖകൻ
തൃശൂർ: ശുദ്ധമായ കുടിവെള്ളം തരാത്ത മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷ ബഹളം. ഇടതു വലതു രാഷ്ട്രീയമല്ല വികസനമാണ് നാടിനാവശ്യമെന്നു ബിജെപി കൗൺസിലർമാർ.
ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടെന്ന് ആരോപിച്ച് യോഗം തുടങ്ങിയയുടൻ പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി. മേയറെ മറയ്ക്കുംവിധം ബാനറുയർത്തി, കുപ്പികളിൽ കലക്കവെള്ളവും പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യം വിളിച്ചു. അരമണിക്കൂറോളം ഇതു തുടർന്നപ്പോൾ മേയർ യോഗം പിരിച്ചുവിട്ടതായി അറിയിച്ച് ചേംബറിലേക്കു മടങ്ങി.
തുടർന്ന് യുഡിഎഫ് നേതൃത്വത്തിലുള്ള കൗൺസിലർമാർ മേയറുടെ ചേംബറിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യങ്ങൾ മുഴക്കി. ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിനു മുന്നിൽ കുത്തിയിരുന്നു.
കൗൺസിലിൽ പങ്കെടുത്തവരെക്കൊണ്ട് മിനിറ്റ്സ് ബുക്കിൽ ഒപ്പിടീക്കാതെ മേയർ കൊണ്ടുപോയതു പ്രതിപക്ഷം ചോദ്യം ചെയ്തതിനെതുടർന്ന് കോർപറേഷൻ സെക്രട്ടറി ഇടപെട്ട് ഒപ്പിടീച്ചു.
ശുദ്ധമായ കുടിവെള്ളം
തരുന്നതുവരെ സമരം
ശുദ്ധമായ കുടിവെള്ളം നല്‍കുന്നതുവരെ ചേംബറിനു മുന്നിൽ സമരം തുടരുമെന്നു കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു. ഏപ്രിലിൽ പൂർത്തിയാക്കുമെന്നു പറഞ്ഞ, കോർപറേഷൻ പരിധിയിലെ തോടുകൾ വൃത്തിയാക്കുന്നതിന്റെ ടെൻഡർപോലും വിളിച്ചിട്ടില്ല.
പുതിയ നിയമമനുസരിച്ചുള്ള ഇ ടെൻഡർ നടപടികൾ പൂർത്തിയാകാൻ രണ്ടു മാസമെങ്കിലുമെടുക്കും. അപ്പോഴേക്കും ആയിരക്കണക്കിനു വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങും. മഴക്കാലം കഴിയുകയും ചെയ്യും. അടിയന്തര സാഹചര്യം കണക്കിലെടുത്തു സർക്കാരിൽനിന്ന് പ്രതേ്യക അനുമതി വാങ്ങി ഇ ടെൻഡർ ഒഴിവാക്കി തോടുകൾ വൃത്തിയാക്കണമെന്നു രാജൻ പല്ലൻ പറഞ്ഞു. കൗൺസിലർമാരെ കാർ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച മേയറുടെ ഡ്രൈവറെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
ജോണ്‍ ഡാനിയൽ, ഇ.വി. സുനിൽരാജ്, കൗണ്‍സിലർമാരായ ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ, കെ. രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കുളപറന്പിൽ, ശ്യാമള മുരളീധരൻ, ലീല വർഗീസ്, എബി വർഗീസ്, സനോജ് പോൾ, വിനേഷ് തയ്യിൽ, നിമ്മി റപ്പായി, ആൻസി ജേക്കബ്, സുനിത വിനു, മേഴ്സി അജി, സിന്ധു ആന്റോ, മേഫി ഡെൽസണ്‍, ശ്രീലാൽ ശ്രീധർ, എ.കെ. സുരേഷ്, വില്ലി ജിജോ, രെന്യ ബൈജു, റെജി ജോയ് എന്നിവർ സമരത്തിൽ പങ്കെടുത്തു.
കുടിവെള്ളം കുപ്പികളിലേന്തി
ബിജെപി കൗൺസിലർമാർ
കലങ്ങിയ കുടിവെള്ളം കുപ്പികളിലാക്കി യോഗത്തിനെത്തിയ ബിജെപി കൗൺസിലർമാർ യുഡിഎഫ് പ്രതിഷേധത്തിൽ പങ്കെടുക്കാതെ കൗൺസിൽ ഹാളിനു പുറത്തു കുത്തിയിരുന്നു. മേയർ ചേംബർ വിട്ടു പുറത്തിറങ്ങിയതോടെയാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധമുയർത്തിയത്. ഇടതു വലതു രാഷ്ട്രീയമല്ല വികസനമാണ് നാടിനാവശ്യമെന്നും ജനങ്ങൾക്കു ഭീഷണിയായി നിൽക്കുന്ന കോലോത്തുംപാടത്തെ ഒഡബ്ല്യുസി പ്ലാന്റ് നിർത്തലാക്കണമെന്ന ും ആവശ്യപ്പെട്ടു. അടിയന്തരമായി ചർച്ചചെയ്തു നടപ്പാക്കേണ്ട കാര്യങ്ങളുള്ളപ്പോഴാണ് മേയർ പൂരം കളിച്ച് ആളായി നടക്കുന്നതെന്നും കുറ്റപ്പെടുത്തി. ബിജെപി കൗൺസിലർമാരായ വിനോദ് പൊള്ളഞ്ചേരി, എ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.