പാലക്കാട്: പാലക്കാട് ജില്ലാ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 6 മണിക്ക് പാലക്കാട് ജില്ലയിലെ 180 സെന്ററുകളിൽ, ഡൽഹി കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച്, കർഷകർക്ക് ആവശ്യമില്ലാത്ത കേന്ദ്ര മന്ത്രി സഭയുടെ കാർഷിക നിയമങ്ങൾ പിൻവലിക്കുക, ഇഎസ്എ , ഇഎസ്സെഡ് പരിധി വനാതിർത്തി കളിലേയ്ക്ക് മാത്രമായി ചുരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആയിരക്കണക്കിന് കർഷകരെ അണിനിരത്തിക്കൊണ്ട് പന്തം കൊളുത്തി പ്രകടനം നടത്തുന്നതാണ് എന്ന് ജില്ലാ കർഷക സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
വൈദ്യുതവേലി: അട്ടപ്പാടിയിൽ
കർഷകരുടെ യോഗം വിളിക്കും
അഗളി : അട്ടപ്പാടിയിൽ കാർഷിക മേഖലയിൽ കൃഷി സംരക്ഷണത്തിനായി സ്ഥാപിക്കുന്ന വൈദ്യുതവേലി സംബന്ധിച്ച് കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ കർഷകരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. ഇലക്ട്രിക് ഫെൻസിങ്ങിൽ നിന്നും വൈദ്യുതാഘാതമേറ്റുള്ള അപകടമരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗളി എഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. ഇലട്രിക് ഫെൻസിങ്ങിന്റെ ലൈസൻസ് എടുക്കുന്നത് സംബന്ധിച്ചും സുരക്ഷ ക്രമീകരണങ്ങളെ കുറിച്ചും ഐടിഡിപി ഫോറസ്റ്റ്, അഗ്രിക്കൾചറൽ ഡിപ്പാർട്ടമെന്റുകൾ മുഖാന്തരം പരമാവധി കർഷകരിലേക്ക് എത്തിക്കുവാനും തീരുമാനിച്ചു. കഐസ്ഇബി ഫീൽഡ് സ്റ്റാഫിനെ ഉപയോഗിച്ച് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പ് വരുത്താനും വൈദ്യുതി മോഷണം കണ്ടെത്തി കർശന നടപടിയെടുക്കുന്നതിനും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ സിറ്റിംഗ്സ് അട്ടപ്പാടിയിൽ നടത്തുന്നതിനും തീരുമാനമായി. എഎസ്പി പഥംസിംഗിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, പുതുർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽ കുമാർ, അഗളി എസ്എച്ച്ഒ ശശികുമാർ, എസ്ഐമാരായ ജയപ്രസാദ്, ഹരികൃഷ്ണൻ, അഗ്രി.അസിസ്റ്റന്റ് ഡയറക്ടർ ലത, ഐടിഡിപി സ്പെഷ്യൽ ഓഫീസർ, കഐസ്ഇബി എ.ഇ ഡിബിൻ, വിവേക്, ഇലെക്ട്രിക്കൽ ഇൻസ്പെക്ടർ അനുസുധീൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരായ രവി കുമാർ, അജയ് ഘോഷ് സുബൈർ, ആശലത, കർഷക പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുത്തു. കോവിഡ്19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു യോഗം.