പാലക്കാട് : ജില്ലയിൽ റീസർവേ പൂർത്തിയാകാനുള്ള 41 വില്ലേജുകളിൽ നാല് എണ്ണത്തിന്റെ റീസർവെ ഡ്രോണ്‍ മുഖേന 17ന് തൃത്താലയിൽ ആരംഭിക്കും.
17, 18 തീയതികളിൽ തൃത്താല വില്ലേജിലും, ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ തിരുമിറ്റക്കോട് 1, ഫെബ്രുവരി 21, 22 തിയതികളിൽ പട്ടിത്തറ, മാർച്ച് 10, 11 തീയതികളിൽ തിരുമിറ്റക്കോട് 2 എന്നിവിടങ്ങളിലാണ് ഡ്രോണ്‍ റീസർവേ നടക്കുക. ജില്ലയിൽ ആകെ 157 വില്ലേജുകളാണുള്ളത്. ഇതിൽ മൂന്നെണ്ണം (പാലക്കാട്-1, യാക്കര, പാലക്കാട്-3) ഇടിഎസ് മെഷിൻ ഉപയോഗിച്ച് റീസർവേ പൂർത്തിയാക്കിയിട്ടുണ്ട്.
ബാക്കി 113 വിലേജുകളുടെ റീസർവേ പരന്പരാഗതരീതിയിൽ നിർവ്വഹിച്ചിട്ടുണ്ടെന്നും റീസർവേ അധികൃതർ വ്യക്തമാക്കി. ബാക്കിയുള്ള 41ൽ നാലെണ്ണത്തിന്റെ റീസർവേയാണ് ഡ്രോണ്‍ മുഖേന തുടക്കമിടുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് സർവേ ചെയ്യുന്നതിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് സ്വാമിത്വ. പദ്ധതിയുടെ കോർസ്,ആർടികെ, ഇടിഎസ് എന്നിവ ഉപയോഗിച്ച് ചെയ്യുന്ന പ്രവർത്തനങ്ങൾക്കുള്ള ചെലവ് റീബിൽഡ് കേരള ഇൻഷ്യേറ്റീവ് വഹിക്കും.
ജില്ലാതലത്തിൽ ജില്ല കളക്ടർ ചെയർപെഴ്സണായി 7 അംഗങ്ങളുൾക്കൊള്ളുന്ന ജില്ലാതല നിർവഹണ കമ്മിറ്റിക്കായിരിക്കും അതത് ജില്ലയിലെ ഡിജിറ്റൽ സർവ്വെയും മേൽനോട്ടചുമതല.
റവന്യു, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഏകീകരണം, ജനങ്ങൾക്ക് ആവശ്യാനുസരണം ഭൂരേഖകൾ ഓണ്‍ലൈനായി ലഭ്യമാകും, ഭൂമി സംബന്ധിച്ച് വിവരങ്ങളുടെ നാളതീകരണം എളുപ്പമാകും, ഒരു ആവശ്യത്തിന് പല ഓഫീസിൽ കയറിയിറങ്ങുന്നത് ഒഴിവാകും. അങ്ങനെ ഉപഭോക്തൃ സേവനം ജനോപകാരപ്രദമാകും.
വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകുന്നു, വികസന പ്രവർത്തനങ്ങളുടെ വേഗത വർദ്ധിക്കുന്നു, കൃത്യമായ ഭൂരേഖ, റവന്യൂ,രജിസ്ട്രേഷൻ,പഞ്ചായത്ത്,ബാങ്ക് തുടങ്ങിയവയിൽ നിന്നുള്ള സേവനങ്ങൾ കാലതാമസം ഇല്ലാതെ ലഭ്യമാകും.
സർവേ നന്പർ, സബ്ഡിവിഷൻ നന്പർ,ടി.പി.നന്പർ എന്നിവ ഇല്ലാതാകുകയും ഭൂമിയിലെ കൈവശങ്ങൾക്കും നിലവിലെ നിയമങ്ങൾക്കും അനുസൃതമായി പുതിയ നന്പർ ലഭ്യമാകും, തുടർച്ചയായി ദുരന്തങ്ങൾ നേരിട്ട കേരളത്തിൽ ജിയോ കോർഡിനേറ്റ് അടിസ്ഥാനമാക്കിയുള്ള മാപ്പിന്റെ സഹായത്തോടെ അതിജീവനക്ഷമതാപ്രവർത്തനങ്ങൾ ഫലപ്രദമാകും, റവന്യു വകുപ്പിന്റെ റെലിസ് രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, സർവേ വകുപ്പിെൻ ഇമാപ്സ് എന്നിവയുടെ ഏകോപനം വഴി സേവനങ്ങൾ ജനങ്ങൾക്ക് ഒരുമിച്ച് ലഭ്യമാകും.
ഈ മൂന്ന് വകുപ്പുകളുടേയും രേഖകൾ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ സംയോജിപ്പിക്കുന്നതു വഴി ഭൂമി സംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുകയാണ്.