പാലക്കാട്: ജില്ലയിൽ റോഡുനിർമാണം, അറ്റകുറ്റപ്പണികൾ, പൈപ്പ് ലൈൻ പ്രവർത്തനങ്ങൾക്കായി പൊളിക്കുന്ന റോഡുകളിലും റോഡ് നിർമാണ സൈറ്റുകളിലും അപകടങ്ങൾ ഒഴിവാക്കാൻ ജില്ലാ കളക്ടറുടെ നിർദേശനടപടി.
ശരിയായ രീതിയിലുള്ള സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത് റോഡപകടങ്ങളുടെ വർധനയ്ക്ക് കാരണമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ജില്ലാ റോഡ് സുരക്ഷാ അഥോറിറ്റി യോഗത്തിലാണ് കളക്ടറുടെ നിർദ്ദേശം.
ഗതാഗത നിരോധനമുള്ള സ്ഥലങ്ങളുടെ വിവരങ്ങളും ബദൽ വഴികളും സംബന്ധിച്ച് നാലുദിവസം മുന്‍പ് തന്നെ ഉദ്യോഗസ്ഥർ മാധ്യമങ്ങൾ മുഖേന ജനങ്ങൾക്ക് കൃത്യമായി വിവരങ്ങൾ നൽകണം.
നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്തേക്കുളള പ്രവേശനത്തിന് നിശ്ചിത ദൂരം മുന്‍പ് ഇരു ദിശകളിലും സ്ഥലത്തും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. കോണ്‍ട്രാക്ടർമാർ ഈ സ്ഥലത്ത് റിബണ്‍, ബാരിക്കേഡുകൾ, ഫെൻസിംഗ് സ്ഥാപിക്കേണ്ടതുണ്ട്.
ബന്ധപ്പെട്ട വകുപ്പ് അധികൃതരെ അറിയിക്കാതെയും മുന്നറിയിപ്പില്ലാതെയും വകുപ്പുകളുടെ ഏകോപനമില്ലാതെയും റോഡിൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി റോഡ് കുഴിക്കാൻ പാടില്ല.
റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിൽ കാലതാമസം പാടില്ലെന്നും റോഡ് ഗതാഗതം പൂർവ്വ സ്ഥിയിലാകുന്നത് വരെ ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും നിശ്ചിത സമയപരിധിയിൽ തന്നെ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
സുരക്ഷാ നടപടികൾ സ്വീകരിക്കാത്ത കോണ്‍ട്രാക്ടർമാർക്കെതിരെയും എൻജിനീയർമാർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കാൽ നടയാത്രികർക്കും വാഹനങ്ങൾക്കും തടസ്സമാകുന്ന രീതിയിൽ റോഡരികിലുളള കാടും ചെടി പടർപ്പുകളും മരങ്ങളുടെ ചില്ലകളും നിർമ്മാണ സാമഗ്രികളും അടിയന്തിരമായി നീക്കം ചെയ്യുവാൻ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, പിഡബ്ല്യുഡി അധികൃതർക്ക് യോഗത്തിൽ നിർദ്ദേശം നൽകി.
നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ മതിയായ മുൻകരുതലുകൾ ഇല്ലാതെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ കർശനനിർദ്ദേശം.
അനധികൃത ഫ്ലക്സ് ബോർഡുകൾ, ഹോർഡിംഗുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, മുനിസിപ്പാലിറ്റി അധികൃതർക്കും റോഡരികുകളിലെ മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റാൻ പിഡബ്ല്യുഡി, എൻഎച്ച് , മുനിസിപ്പാലിറ്റി അധികൃതർക്കും കളക്ടർ നിർദേശം നൽകി.
യോഗത്തിൽ പൊതുമരാമത്ത് വിഭാഗം, ദേശീയ പാതാ വിഭാഗം, വാട്ടർ അഥോറിറ്റി, എൽ സ്ജിഡി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ്, മുനിസിപ്പൽ ഡിപ്പാർട്ടമെന്റ്, മോട്ടോർ വാഹന വകുപ്പ്, എൻഫോഴ്സ്മെന്റ് വകുപ്പ് അധികാരികൾ പങ്കെടുത്തു.