പുതുപ്പരിയാരത്തു റെയിൽ ഫെൻസിംഗിന് 18 കോടിയുടെ പ്രപ്പോസൽ സമർപ്പിക്കും
1573325
Sunday, July 6, 2025 4:09 AM IST
പാലക്കാട്: നിരന്തരം വന്യമൃഗശല്യം അനുഭവപ്പെടുന്ന പഞ്ചായത്തുകളിൽ ഒന്നായ പുതുപ്പരിയാരത്ത് റെയിൽ ഫെൻസിംഗിനായി 18 കോടി രൂപയുടെ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കും.
മന്ത്രി കെ.കൃഷ്ണൻകുട്ടിയും ജില്ലാ കളക്ടർ ജി. പ്രിയങ്കയും വനംവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ട പ്രകാരമാണ് സർക്കാരിന് പ്രപ്പോസൽ സമർപ്പിക്കുക. ജില്ലാ പഞ്ചായത്ത് കോണ്ഫറൻസ് ഹാളിൽ നടന്ന ജില്ലയിലെ വന്യജീവി ആക്രമണ ലഘൂകരണ ജില്ലാതല നിയന്ത്രണ സമിതി അവലോകന യോഗത്തിലാണ് പ്രപ്പോസൽ സംബന്ധിച്ച് മന്ത്രി അറിയിച്ചത്. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
വന്യമൃഗശല്യം അധികരിച്ചു നിൽക്കുന്ന അകത്തേത്തറ, പുതുപ്പരിയാരം, മലന്പുഴ, മുണ്ടൂർ, പുതുശേരി പഞ്ചായത്ത് ഭാരവാഹികളും ഫോറസ്റ്റ് അധികൃതരും മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട യോഗമാണ് വിളിച്ചുചേർത്തത്. വന്യമൃഗാക്രമണ പ്രതിരോധത്തിനായി ജനജാഗ്രത സമിതിയ്ക്ക് പുറമെ പഞ്ചായത്ത് തലത്തിൽ പോലീസ്് -വനംവകുപ്പ് സംഘം രൂപീകരിക്കണം. ഫോറസ്റ്റ് റേഞ്ച് തലത്തിൽ പരിശീലനം നൽകിയ പ്രദേശികമായി ലഭ്യമാകുന്ന യുവാക്കളായ ഷൂട്ടേഴ്സിനെ ഉൾപ്പെടുത്തി പാനൽ രൂപീകരിക്കണം.
യൂക്കാലിപ്സ് മരങ്ങൾക്ക് പകരമായി പ്ലാവ് പോലുളള ഫലവൃക്ഷങ്ങൾ നട്ടു പിടിപ്പിക്കാനായാൽ ഒരു പരിധിവരെ മൃഗങ്ങൾ നാട്ടിലിറങ്ങുന്നതിന് പരിഹാരമാകും. വേഗത്തിൽ കായ്ക്കുന്ന ഫലവൃക്ഷതൈകൾ നടുന്നതിന് പ്രാധാന്യം നൽകണമെന്നും മന്ത്രി നിർദേശിച്ചു.
ഒലവക്കോട് റേഞ്ചിലെ മുണ്ടൂർ സെക്ഷൻ പരിധിയിൽ ജനവാസമേഖലകളിലെ അടിക്കാടുകൾ വെട്ടിത്തെളിച്ചിട്ടുണ്ട.് തെരുവ് വിളക്കുകൾക്കായി 20 ലക്ഷം രൂപയുടെ പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. വൈദ്യുതിലൈൻ വലിക്കാൻ സാധിക്കാത്ത വന്യമൃഗശല്യമുളള പട്ടികജാതിവർഗ കോളനികളിലുൾപ്പെടെ സോളാർ ലൈറ്റുകൾ സ്ഥാപിക്കാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.
സോളാർ സാധ്യമാകാത്ത പ്രദേശങ്ങളിൽ സിസി ടിവി സ്ഥാപിക്കണം. വന്യമൃഗശല്യം നേരിടുന്ന ഇടങ്ങളിൽ സോളാർ ഫെൻസിംഗ് ഉറപ്പാക്കാനും മന്ത്രി നിർദേശിച്ചു.
സോളാർ ഫെൻസിംഗിനായി ഓരോ പഞ്ചായത്തും ഫണ്ട്മാറ്റി വെയ്ക്കണമെന്നും മന്ത്രി നിർദേശിച്ചു. വൈദ്യുതി ലൈൻ വലിക്കാൻ സാധിക്കാത്ത വന്യമൃഗശല്യമുളള പട്ടികജാതിവർഗ കോളനികളെ കുറിച്ച് വിവരശേഖരണം നടത്താനും മന്ത്രി അറിയിച്ചു.
ഡിവിഷണൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെയും ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെയും ഏകോപനം വഴി കൃത്യമായി വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. 67 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതുവരെ ജനജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്.ഇനിയും രൂപീകരിക്കാത്ത പഞ്ചായത്തുകൾ ജനജാഗ്രത സമിതികൾ ജൂലൈ 15നകം രൂപീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
കാട്ടാന ആക്രമണം മൂലം മരിച്ച അലൻ ജോസഫ്, കുമാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം കൈമാറിയിട്ടുണ്ടെന്ന് ജില്ല കളക്ടർ അറിയിച്ചു.
കാട്ടാന ആക്രമണം മൂലം കിടപ്പിലായ ആന്റണിയുടെ വീട്ടിലേക്കുള്ള വഴി സഞ്ചാര യോഗ്യമാക്കാനായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഡിഎഫ്ഒ യുടെ നേതൃത്വത്തിൽ പ്രവൃത്തികൾ ആരംഭിക്കാൻ നിർദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പാലക്കാട് ഡിഎഫ്ഒ രവികുമാർ മീണ, പഞ്ചായത്ത് പ്രതിനിധികൾ, വനം വകുപ്പ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.