നൂറുകണക്കിന് വവ്വാലുകൾ; പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല
1573330
Sunday, July 6, 2025 4:09 AM IST
ശ്രീകൃഷ്ണപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനുമെതിരെ പരാതിയുമായി നാട്ടുകാർ. നിപ്പ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയുടെ വീടിനു തൊട്ടുള്ള റബർതോട്ടത്തിൽ വസിക്കുന്നത് നൂറുകണക്കിന് വവ്വാലുകളാണ്. ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മഞ്ചേരി മെഡിക്കൽ കോളജിലെ വിദഗ്ധസംഘം സ്ഥലം പരിശോധിച്ചു. ഇന്ന് സംഘം നിപ്പ രോഗലക്ഷണങ്ങൾ രണ്ടുമാസത്തിനിടെ ആർക്കെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. 75 അംഗ സംഘമാണ് പരിശോധന നടത്തുക.
കരിമ്പുഴ പഞ്ചായത്തിൽ അതീവജാഗ്രത
ശ്രീകൃഷ്ണപുരം: തച്ചനാട്ടുകര പഞ്ചായത്തിലെ കിഴക്കുംപുറം പ്രദേശവുമായി ബന്ധപ്പെട്ട് കിടക്കുന്ന കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ്റാശേരി,പനാംകുന്ന്, കൊടുനോട് കരിമ്പന വരമ്പ്, ഇറക്കിങ്ങൽ ഭാഗങ്ങളിൽ അതീവജാഗ്രത നിർദേശവുമായി പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് എന്നിവർ രംഗത്ത്.
പഞ്ചായത്തിലെ രണ്ടു വാർഡുകൾ കണ്ടെയ്മെന്റ് സോൺ ആയി മാറിയതിനെ തുടർന്ന് കോട്ടപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഫീൽഡ് തല നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂണിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ, ആശാ പ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ അടക്കമുള്ള വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ ഉൾപ്പെട്ട 12 ടീമുകളായാണ് പരിശോധന നടത്തിയത്.
ആറ്റാശേരി, ചോലകുർശി വാർഡുകളിലെ 412 വീടുകളിൽ സന്ദർശനം നടത്തി ഏതെങ്കിലും തരത്തിലുള്ള അസുഖബാധിതർ ഉണ്ടോയെന്ന് എന്ന് കണക്കെടുപ്പ് നടത്തി. നിപ്പ ബോധവത്കരണവും നടത്തി. കരിമ്പുഴ ഒന്ന് വില്ലേജിൽ പഞ്ചായത്തിന് നേതൃത്വത്തിൽ മൈക്കിൽ വിളംബരം നടത്തി. രണ്ടു വാർഡുകളിലേക്കുമുള്ള പ്രവേശന കവാടങ്ങൾ പൂർണമായും അടച്ചു.
കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ നേരിട്ട് സമ്പർക്കപട്ടികയിൽ ഉള്ള ആരോഗ്യ പ്രവർത്തകയായ യുവതി ക്വാറന്റൈനിൽ തുടരുകയാണ്. നിപ്പ ബാധിച്ച യുവതി മണ്ണാർക്കാട് നഴ്സിംഗ് ഹോമിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് യുവതിയുമായി സമ്പർക്കം ഉണ്ടായത്. ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് പറഞ്ഞു.