കോയമ്പത്തൂര്‍-2041: പുതിയ മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു
1572996
Saturday, July 5, 2025 12:14 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിനുള്ള പുതിയ മാസ്റ്റർപ്ലാൻ പ്രകാശനംചെയ്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈ സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
ഭവന, നഗരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അർബൻ പ്ലാനിംഗ് മിഷൻ തയാറാക്കിയ 1531.57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കോയമ്പത്തൂർ ലോക്കൽ പ്ലാൻഏരിയയുടെ രണ്ടാമത്തെ സമഗ്രപദ്ധതിയാണ് പ്രകാശനംചെയ്തത്. കോയമ്പത്തൂരിന്റെ മാസ്റ്റർപ്ലാൻ അവസാനമായി അപ്ഡേറ്റ് ചെയ്തത് 1994ലാണ്.
അതിനുശേഷം കോയമ്പത്തൂർ വികസനത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോയി.
2041 ആകുമ്പോഴേക്കും 45 ലക്ഷം ആളുകളെങ്കിലും കോയമ്പത്തൂരിൽ താമസമുണ്ടാകുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. 2041ൽ ആവശ്യമായ പൊതുഅടിസ്ഥാന സൗകര്യങ്ങൾ, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങൾ, മാനേജ്മെന്റ് പദ്ധതികൾ മുതലായവ കണക്കിലെടുത്താണ് പുതിയ മാസ്റ്റർപ്ലാൻ തയാറാക്കിയിട്ടുള്ളത്.
പരിപൂർണമായി ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാസ്റ്റർപ്ലാൻ തയാറാക്കിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, പരിസ്ഥിതി, സമ്പദ്വ്യവസ്ഥ, ഭവന നിർമാണം തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധരുടെ ഉപദേശപ്രകാരമാണ് ഇതു തയാറാക്കിയത്.