പാലപ്പുറത്തും ആശങ്കയുയർത്തി റെയിൽവേ സുരക്ഷാമതിൽ പ്രശ്നം
1572394
Thursday, July 3, 2025 2:02 AM IST
ഒറ്റപ്പാലം: റെയിൽവേയുടെ സുരക്ഷാമതിൽ പ്രശ്നം പാലപ്പുറത്തും. വാണിയംകുളത്തിന് പുറകെ ജനങ്ങളെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള സുരക്ഷാമതിൽ പ്രശ്നം പാലപ്പുറത്തും ഉയർന്നുവന്നിരിക്കുകയാണ്.
സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിൽ റെയിൽവേ സംരക്ഷണമതിൽ കെട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കുകയാ, പാളത്തിനടിയിലൂടെ സഞ്ചാരസൗകര്യം ഉറപ്പാക്കുകയോ വേണമെന്നാണ് ജനകീയാവശ്യം.
പാലപ്പുറം മേഖലയിൽ നാല് വാർഡുകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ റെയിൽവേയുമായി ചർച്ച നടത്തണമെന്നും ആവശ്യമുയർന്നു. ഇക്കാര്യത്തിൽ റെയിൽവേയുമായി ചർച്ച നടത്താമെന്നു ഒറ്റപ്പാലം നഗരസഭാധികൃതർ അറിയിച്ചിട്ടുണ്ട്.
റെയിൽപ്പാളത്തിന് സമീപത്തുള്ള പാലപ്പുറത്തെ കയറംപാറ, എൻഎസ്എസ് കോളജ്, എറക്കോട്ടിരി, മീറ്റ്ന എന്നീ വാർഡുകളിൽപ്പെട്ട സ്ഥലത്താണ് സംരക്ഷണമതിൽ വരുന്നതെന്നതിനാൽ സഞ്ചാരത്തിനു തടസമാകുമെന്ന ആശങ്ക ശക്തമാണ്.
റെയിൽപ്പാളത്തിന്റെ തെക്കുഭാഗത്തായി 150 ഏക്കറോളം കൃഷിഭൂമിയുണ്ട്. നാലു വീടുകളുമുണ്ട്. നിലവിൽ പാളംകടന്നുമാത്രമേ ഇവിടേക്ക് പോകാനാവൂ. പണിപ്പെട്ടാണ് കൃഷിസാധനങ്ങൾ ഉൾപ്പെടെ എത്തിക്കുന്നത്.
ഇതിനൊപ്പം സംരക്ഷണമതിൽകൂടി വന്നാൽ ഇത്രയും കുടുംബങ്ങൾ പ്രതിസന്ധിയിലാകും.