തത്തമംഗലത്തെ തെരുവുനായ്ക്കളെ ഭയന്ന് വിദ്യാർഥികളും രക്ഷിതാക്കളും
1571520
Monday, June 30, 2025 1:45 AM IST
തത്തമംഗലം: ടൗണിലും സ്കൂൾ പരിസരത്തുമെല്ലാം തെരുവുനായ്ക്കളുടെ വിളയാട്ടം. ശ്രീകുറുംബക്കാവ്, ചേമ്പാടം, എൽഎസ്എസ് കരയോഗമന്ദിരത്തിനു സമീപം, ദേവിനഗര്‍ ഉൾപ്പെടെ പ്രദേശങ്ങളിൽ തെരുവുനായക്കൂട്ടം വിലസുകയാണ്.
വിദ്യാർഥികളെയും മുതിർന്നവരെയും ഒരുപോലെ തുരത്തിയോടിച്ച് ആക്രമിക്കുകയാണ് തെരുവുനായകൾ. ജിയുപിഎസ്, തത്തമംഗലം എസ്എം എൽപി സ്കൂൾ, , എസ്എം ഹൈസ്കൂൾ വിദ്യാർഥികളും അധ്യാപകരും ഇതുവഴി വന്നുപോകുന്നതു ഏറെ കരുതലോടെയാണ്.
മിക്ക വീടുകൾക്കു സമീപവും അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ കാണാം. കുട്ടികളെ വെളിയിലേക്കു വിടാൻ പോലും രക്ഷിതാക്കൾ മടിക്കുകയാണ്.
കഴിഞ്ഞ വർഷം പേയിളകിയ ചെറിയ നായ അഞ്ചുപേരേയാണ് കടിച്ചു പരിക്കേൽപ്പിച്ചത്. തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്താറുണ്ടെന്നു നഗരസഭ പറയുന്പോഴും അക്രമണപരന്പരകൾക്കു കുറവില്ല. രാത്രികാലങ്ങളിൽ അരക്കിലോമീറ്റർ അകലെയുള്ള വീടുകളിലെത്താൻ പലരും ഓട്ടോറിക്ഷ ആശ്രയിക്കേണ്ട ഗതികേടിലാണ്.