കുമരംപുത്തൂർ-മേലാറ്റൂർ റോഡിൽ ഗതാഗതം ദുഷ്കരം
1571215
Sunday, June 29, 2025 4:05 AM IST
മണ്ണാർക്കാട്: കഴിഞ്ഞ 10 വർഷത്തോളമായി നവീകരണ പ്രവൃത്തികൾ നടക്കാത്തതിനാൽ കുമരംപുത്തൂർ-മേലാറ്റൂർ റോഡിൽ ഗതാഗതം ദുഷ്കരമായി. കുമരംപുത്തൂർ മുതൽ ഉച്ചാരക്കടവ് വരെ റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. കുമരംപുത്തൂർമുതൽ മേലാറ്റൂർ വരെയുള്ള സംസ്ഥാനപാത മലയോര ഹൈവേക്കായി വിട്ടുനൽകിയതോടെ റോഡ് തകർന്നിട്ടും അധികൃതർ പ്രവൃത്തികൾ നടത്താത്തതാണ് റോഡിന്റെ ഉപരിതലം പൂർണമായും തകർന്ന് കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതാവാൻ കാരണമായത്.
ഇതോടെ അപകടങ്ങളും ഈ പാതയിൽ നിത്യസംഭവമാണ്. കഴിഞ്ഞദിവസം കുമരംപുത്തൂർ ജംഗ്ഷനിൽ കുഴി വെട്ടിച്ച കാർ രണ്ട് സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. പലയിടങ്ങളിലായി മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി അഴുക്കുചാൽ നിർമാണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ റോഡിലെ കുഴികളടയ്ക്കാൻ കരാറുകാർ തയ്യാറാവുന്നില്ല. റോഡ് നവീകരണം പൂർത്തീകരിക്കാൻ മാസങ്ങൾ വേണമെന്നിരിക്കെ റോഡിലെ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.