വായനാവസന്തം താലൂക്ക്തല ഉദ്ഘാടനം
1571789
Tuesday, July 1, 2025 1:51 AM IST
മണ്ണാർക്കാട്: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വായനാവസന്തം താലൂക്കുതല ഉദ്ഘാടനവും കൗൺസിൽ സംഗമവും പുസ്തകപ്രകാശനവും കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
റൂറൽ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ എസ്.ആർ. ഹബീബുള്ള അധ്യക്ഷനായി. വായനവസന്തം കിറ്റ് വട്ടമ്പലം വാസു ലൈബ്രറിക്ക് നൽകി. ജി.പി. രാമചന്ദ്രൻ, എം.ജെ. ശ്രീചിത്രൻ, സീന ശ്രീവത്സൻ, ഷെറീന തയ്യിൽ എന്നിവരെ ആദരിച്ചു.
റഷീദ് കുമരംപുത്തൂരിന്റെ ‘പ്രതിയും കാക്കയും’ എന്ന പുസ്തകം കെപിഎസ് പയ്യനെടം പി.കെ. വിജയന് നൽകിയും ഇബ്നു അലി എടത്തനാട്ടുകരയുടെ തറുതല എന്ന നോവൽ ജി.പി. രാമചന്ദ്രൻ കെ.എസ്. ജയന് നൽകിയും ഫസൽ എം. റഹ്മാന്റെ പ്രണയാക്ഷരങ്ങൾ എന്ന പുസ്തകം ടി.ആർ. തിരുവിഴാംകുന്ന് പി.ഒ. കേശവന് നൽകിയും പി.കെ. സലിലയുടെ ഓർമ്മ വരമ്പത്തെ ഓലച്ചൂട്ട് എം.ജെ. ശ്രീചിത്രൻ കെ. ചന്ദ്രന് നൽകിയും കെ.ടി. റജീനയുടെ ഓർമ നിറങ്ങൾ എന്ന പുസ്തകം പ്രതാപൻ തായാട്ട് കെ. ഹരിദാസനു നൽകിയും പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന കൗൺസിൽസംഗമം ജില്ലാ സെക്രട്ടറി പി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് സെക്രട്ടറി എം. കൃഷ്ണദാസ് പ്രവർത്തനറിപ്പോർട്ടും വരവ് ചെലവ് കണക്കും ബജറ്റ് നിർദേശങ്ങളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്. ജയൻ സ്വാഗതവും എ.ആർ. രവിശങ്കർ നന്ദിയും പറഞ്ഞു. താലൂക്ക് ജോയിന്റ് സെക്രട്ടറി സി.ടി. മുരളിധരൻ, എസ്. കാളിസ്വാമി, ഒ. സാബു, ലൈബ്രേറിയൻസ് യൂണിയൻ താലൂക്ക് സെക്രട്ടറി പി. വിജയകുമാരി എന്നിവർ പ്രസംഗിച്ചു.