വാളയാർ ഡാം മണലെടുപ്പിനു വിലക്ക്; നടപടിയുണ്ടാകുമെന്നു ജില്ലാ കളക്ടർ
1571219
Sunday, June 29, 2025 4:05 AM IST
പാലക്കാട്: വാളയാർ ഡാമിൽ നിന്നുള്ള മണലെടുപ്പ് അടിയന്തരമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ കർശന നിർദേശം. ഡാമിൽ നിന്ന് ശേഖരിക്കുന്ന മണലിനൊപ്പം പുഴയിലെ മണലും അനധികൃതമായി കടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ എ. പ്രഭാകരൻ എംഎൽഎയുടെ ആവശ്യപ്രകാരമാണ് ജില്ല കളക്ടറുടെ നിർദേശം.
ഡാമിലെ ഡീസിൽറ്റേഷൻ പ്രവൃത്തിയുടെ നിർവഹണ ഏജൻസിയായ കെഇഎംഡിഇഎല്ലിനോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മണലെടുപ്പ് നിർത്തിവെക്കാനാണ് നിർദേശം. നിയമലംഘനം നടത്തിയാൽ പോലീസ് കേസ് അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
മഴ മൂലമുള്ള മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തന ഉപകരണങ്ങൾ നെല്ലിയാന്പതി ഉൾപ്പെടെ എല്ലാ പഞ്ചായത്തുകളിലും തയ്യാറാക്കി വെക്കണമെന്ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. ഭാരതപ്പുഴയിൽ അടിഞ്ഞു കൂടിയ മണൽ കാലവർഷം ശക്തിപ്പെടുന്നത് മുൻകൂട്ടി കണ്ട് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു.
കൂടല്ലൂർ, പട്ടാന്പി ഭാഗങ്ങളിൽ ഭാരതപ്പുഴയിൽ മണൽ അടിഞ്ഞു കൂടിയത് വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് അമിത കുടിവെള്ള ബിൽ ആണ് മണ്ഡലത്തിലെ പലയിടങ്ങളിലും ലഭിക്കുന്നതെന്നും ഇക്കാര്യം ജലഅഥോറിറ്റി പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
വന്യമൃഗശല്യംമൂലം കൃഷി നശിച്ചവർക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരതുക വിതരണം ചെയ്യണമന്ന് വനം വകുപ്പിനോട് യോഗം നിർദേശിച്ചു. നിലവിൽ 76 കർഷകർക്ക് നഷ്ടപരിഹാര തുക നൽകാനുള്ളതായി കെ. ബാബു എംഎൽഎ യോഗത്തിൽ പറഞ്ഞു. 2024-25 സീസണിൽ രണ്ടാംവിള നെല്ല് സംഭരണത്തിനായി 68785 കർഷകർ രജിസ്റ്റർ ചെയ്തതായും അതിൽ 62711 കർഷകരെ കൃഷിഭവൻതലത്തിൽ അംഗീകരിച്ചതായും കെ. ബാബു എംഎൽഎയുടെ ചോദ്യത്തിനുത്തരമായി ജില്ലാ പാഡി ഓഫീസർ അറിയിച്ചു.
ഇതിൽ 57311 കർഷകരാണ് സപ്ലൈകോയിലേക്ക് നെല്ലളന്നത്. ആകെ 143954.317 മെട്രിക് ടണ് നെല്ല് സംഭരിച്ചു. 407.678 കോടി രൂപയാണ് ജില്ലയിൽ ഇതിനായി ആകെ അനുവദിക്കേണ്ട തുക. 21345 കർഷകരുടെ 50779.282 മെട്രിക് ടണ് നെല്ലിന്റെ വിലയായ 143.806 കോടി രൂപയാണ് നിലവിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. 2025 ഏപ്രിൽ 25 വരെ പിആർഎസ് ലഭിച്ച കർഷകരാണ് ഇവർ. ബാക്കിയുള്ള 35966 കർഷകർക്ക് 93175.035 ടണ്ണിന്റെ തുകയായ 263.871 കോടി രൂപ കൂടി ഇനി അനുവദിക്കാനുണ്ടെന്നും ജില്ലാ പാഡി ഓഫീസർ അറിയിച്ചു.
പറന്പിക്കുളം ആളിയാർ പദ്ധതി കരാർ പ്രകാരം ചിറ്റൂർ പുഴയ്ക്ക് അർഹതപ്പെട്ട ജലം ലഭ്യമാക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ ബാബു എംഎൽഎ അവതരിപ്പിച്ച പ്രമേയം കെ.ഡി. പ്രസേനൻ എംഎൽഎ പിന്താങ്ങി.
ലോവർ നീരാറിൽ നിന്നുള്ള നീരൊഴുക്കും പറന്പിക്കുളം ഗ്രൂപ്പ് ഡാമുകളിലെ യീൽഡും ഇതിനകം 19 ടിഎംസിയിൽ അധികമായിട്ടുണ്ട്. പറന്പിക്കുളം ആളിയാർ പദ്ധതി കരാർപ്രകാരം 16.5 ടിഎംസിയിൽ അധികമായി വരുന്ന മുഴുവൻ ജലവും കേരളത്തിന് അവകാശപ്പെട്ടതാണ്. നെല്ല് സംഭരണ തുക ലഭിക്കുന്നതിനായി ആളുകൾ ബാങ്കുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഇല്ലാതാക്കണമെന്ന് പി. മമ്മിക്കുട്ടി എംഎൽഎ ആവശ്യപ്പെട്ടു.
മുണ്ടൂർ-തൂത പാതയിലെ കാക്കാതോട് പാലം തകർന്ന സമയത്ത് വാഹനങ്ങൾ സഞ്ചരിച്ച പാതയിൽ കുടിവെള്ള പൈപ്പുകൾ തകർന്ന അവസ്ഥയിലാണെന്നും അവ അടിയന്തരമായി നന്നാക്കണമെന്നും കെഎസ്ടിപി അധികൃതരോട് എംഎൽഎ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ജനറൽ ഒപിയിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്നും സൂപ്രണ്ട് തസ്തികയിൽ അടിയന്തരമായി നിയമനം നടത്തണമെന്നും കെ.ഡി. പ്രസേനൻ എംഎൽഎ ആവശ്യപ്പെട്ടു.
ആശുപത്രിയിലെ മരുന്നു ക്ഷാമം പരിഹരിച്ചതായും എംഎൽഎയുടെ ചോദ്യത്തിനുത്തരമായി ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തിൽ അറിയിച്ചു. ആലത്തൂർ പറക്കുന്നം പാലം നിർമാണത്തിന്റെ ഡിപിആർ ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കി നൽകണമെന്നും യോഗത്തിൽ ജില്ലാ കളക്ടർ നിർദേശം നൽകി.
തരൂർ മണ്ഡലത്തിലെ കഴനി-പഴന്പാലക്കോട് റോഡിലെ ഒന്പത് കിലോമീറ്റർ ദൂരത്തിൽ ജൽജീവൻ മിഷന്റെ ഭാഗമായി എടുത്ത കുഴികൾ റീസ്റ്റോർ ചെയ്യാത്തതുമൂലം വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണെന്നും കരാർ പ്രകാരം പ്രവൃത്തി പൂർത്തീകരിക്കാതെ കാലതാമസം വരുത്തുന്നതുമൂലം ബജറ്റിൽ അനുവദിച്ച ഒന്പതു കോടി വിനിയോഗിച്ച് റോഡ് പ്രവൃത്തി ആരംഭിക്കാൻ കഴിയുന്നില്ലെന്നും പി.പി സുമോദ് എംഎൽഎ യോഗത്തിൽ പറഞ്ഞു. അടിക്കടി അപകടങ്ങൾ ഉണ്ടാവുന്ന മുണ്ടൂർ ജംഗ്ഷനിൽ റിഫ്ലക്ടറുകൾ അടക്കമുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് എ. പ്രഭാകരൻ എംഎൽഎ നിർദേശിച്ചു.
പൊരിയാനി കയ്യാറ അരിമണി റോഡിൽ പതിനൊന്ന് ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കണം. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പലയിടത്തും ടാങ്കുകളുടെ പണി പൂർത്തിയായെങ്കിലും പൈപ്പിടൽ പ്രവൃത്തി ത്വരിതപ്പെടുത്തി കുടിവെള്ള വിതരണം അടിയന്തിരമായി ആരംഭിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ നിന്നും കല്ലുകയറ്റി വരുന്ന ഭാരവാഹനങ്ങൾ സ്കൂൾ സമയങ്ങളിൽ റോഡിലൂടെ സഞ്ചരിക്കുന്നുണ്ടെന്നും പരിശോധന ശക്തമാക്കണമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പരിശോധന കർശനമാക്കാൻ പൊലീസിനും മോട്ടോർവാഹന വകുപ്പിനും ജില്ലാ കളക്ടർ നിർദേശം നൽകി. പാറ-പൊള്ളാച്ചി റോഡിന്റെ അറ്റകുറ്റപണികൾ വേഗത്തിലാക്കണമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. കരകലകുളന്പ് പുഴയോരം കോളനിയിലുൾപ്പെട്ട 27 അപേക്ഷകർക്ക് അടുത്ത പട്ടയമേളയിൽ പട്ടയം വിതരണം ചെയ്യാനാവുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കാലവർഷക്കെടുതിയിൽ ജില്ലയിൽ ഈ വർഷം ഇതു വരെ 266 വീടുകൾ ഭാഗികമായും 23 വീടുകൾ പൂർണമായും തകർന്നതായി ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. വന്യമൃഗശല്യത്തിൽ നിന്നും വിള സംരക്ഷിക്കുന്നതിനായി കൃഷിഭൂമികളിലും മറ്റും വൈദ്യുത വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ അനുമതി ആവശ്യമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.