മലന്പുഴ ഡാം പരിസരത്തെ അനധികൃത ഉൗത്തപിടിത്തം: ഫിഷറീസ് വകുപ്പ് പരിശോധന നടത്തി
1571207
Sunday, June 29, 2025 4:05 AM IST
പാലക്കാട്: മലന്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അനധികൃതമായി ഉൗത്തപിടിത്തം തടയുന്നതിനായി ഫിഷറീസ് വകുപ്പ് രാത്രികാല പട്രോളിംഗ് ശക്തമാക്കി. ശനിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിൽ ഉൗത്തപിടിത്തത്തിൽ ഏർപ്പെട്ടവരിൽ നിന്ന് വലകൾ കണ്ടുകെട്ടുകയും 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
കരടിയോട്, കവ, ഒന്നാംപുഴ, മയിലാടിപ്പുഴ തുടങ്ങിയ മലന്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തിയത്. മലന്പുഴ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രഞ്ജിത്ത് കുമാർ, ഫിഷറീസ് ഓഫീസർമാരായ സന്തോഷ് കുമാർ, വേണുഗോപാലൻ, ഓഫീസ് അറ്റൻഡന്റ് കൃഷ്ണദാസ്, ഡ്രൈവർ ബിജു എന്നിവരടങ്ങിയ സംഘമാണ് പുലർച്ചെ 2.30 മുതൽ പരിശോധന നടത്തിയത്.
കെഐഎഫ്എ നിയമം അനുസരിച്ചാണ് ഉൗത്തപിടിത്തം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. പ്രജനന സമയത്ത് മത്സ്യസന്പത്ത് സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ഉൗത്തപിടിത്തം തടയേണ്ടത് അത്യാവശ്യമാണ്. ഈ മേഖലകളിൽ അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.