വന്യമൃഗശല്യം രൂക്ഷമായിട്ടും അധികൃതർക്ക് നിസംഗത; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
1571798
Tuesday, July 1, 2025 1:51 AM IST
മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ കാപ്പുപറമ്പ്, അമ്പലപ്പാറ, ഇരട്ടവാരി, തിരുവിഴാംകുന്ന്, കച്ചേരിപ്പറമ്പ്, പുറ്റാനിക്കാട്, കണ്ടമംഗലം, മേക്കളപ്പാറ എന്നീ പ്രദേശങ്ങളിൽ ജനവാസമേഖലയിൽ കാട്ടാന ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. വൈകുന്നേരം ഏഴു മണിയായാൽ ഇവിടുത്തെ താമസക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
പുലർച്ചയ്ക്ക് റബർ ടാപ്പിംഗിന് പോകുന്ന തൊഴിലാളികൾ പല തവണ മെയിൻ റോഡിൽ വച്ച് കാട്ടാനയെ കണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. നിരവധി ആളുകളാണ് രാവിലെ അഞ്ചു മണിക്ക് മുമ്പായി റോഡിലൂടെ സഞ്ചരിക്കുന്നത്. തലനാരിഴക്ക് കാട്ടാനയിൽനിന്നും രക്ഷപ്പെട്ട അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്. വളർത്തു മൃഗങ്ങളെ കൊണ്ടുപോകുന്ന വന്യജീവിയുമുണ്ട്. ആടിനെയും പശുക്കളെയും വളർത്തി ഉപജീവനം കണ്ടെത്തുന്ന നിരവധി കുടുംബങ്ങളുള്ള പ്രസ്തുത പ്രദേശങ്ങളിലെ സ്ഥിതിയിതാണ്.
കുരങ്ങ് ശല്യം കാരണം തെങ്ങുകളിൽ ഒരു നാളികേരം പോലും കിട്ടാത്ത കർഷകർക്ക് സ്വത്തിനും ജീവനും വന്യമൃഗങ്ങളിൽനിന്നും ശാശ്വതമായ പരിഹാരം ലഭ്യമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
തിരുവിഴാംകുന്ന് വെറ്ററിനറി ഫാമിൽ കാട്ടാന കയറികഴിഞ്ഞാൽ പിന്നെ ഫാംതൊഴിലാളികളും പരിസരങ്ങളിൽ താമസിക്കുന്നവരും ഫാമിലെ വിദ്യാർഥികളും ഭീതിയോടെയും ആശങ്കയിലുമാണ്. വനപാലകരും ആർആർടിയും വന്നാൽ തന്നെ സൈലന്റ് വാലി ബഫർ സോണിലേക്ക് കാട്ടാനകളെ തുരത്താൻ കഴിയാറില്ല. രാത്രിയിൽ തിരുവിഴാംകുന്ന്, ഇരട്ടവാരി, അമ്പലപ്പാറ, കാപ്പുപറമ്പ് ഭാഗത്തേക്ക് റോഡിലൂടെ സഞ്ചരിക്കുന്നവർ കടുത്തപേടിയോടെയാണ് സഞ്ചരിക്കുന്നത്.
കേരള അഗ്രികൾച്ചറൽ വെറ്ററിനറി ഫാമിന് ചുറ്റും ചുറ്റുമതിൽ കെട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും വനംവകുപ്പ് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ടും കോട്ടോപ്പാടം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയതു.