തത്തമംഗലം ബസ് സ്റ്റാൻഡിൽ അസൗകര്യങ്ങൾ മാത്രം...
1571519
Monday, June 30, 2025 1:45 AM IST
ചിറ്റൂർ: തത്തമംഗലം ബസ് സ്റ്റാൻസിനകത്ത് യാത്രക്കാരുടെ ഇരിപ്പിടഭാഗത്ത് ചോർന്നൊലിക്കുന്നു, പ്രാവിന്റെ കാഷ്ഠാവശിഷ്ടം കാരണം ദുർഗന്ധമയമായിരിക്കുകയാണ്.
ചീഞ്ഞ പായൽ പടർന്നുപിടിച്ച സ്ഥലത്ത് കൊതുക്, പുഴുശല്യവും അതിരൂക്ഷം. കോയമ്പത്തൂരിലേക്ക് പോവുന്ന യാത്രികർ സ്റ്റാൻഡികത്തെത്തിയാണ് ബസിൽ കയറുന്നത്. പ്രായാധിക്യമുള്ളവർക്കും കുഞ്ഞുങ്ങൾക്കും സാവധാനത്തിൽ ബസ് കയറാൻ സൗകര്യമുണ്ടായിരുന്നു. എന്നാൽ നിലവിലെ സ്ഥിതി യാത്രക്കാർക്ക് വിഷമകരമാവുന്നുണ്ട്.
പലപ്പോഴും ബസുകളൊന്നും സ്റ്റാൻഡിൽ കയറാതെ പോകുന്നതു ഇത്തരം യാത്രികർക്കു വിനയാകുന്നുണ്ട്. രാത്രിയാവുന്നതോടെ സാമൂഹ്യവിരുദ്ധരുടെ താവളമായി ബസ് സ്റ്റാൻഡ് മാറുന്നെന്നും പരാതി ഉയരുന്നുണ്ട്.
ബസ് സ്റ്റാൻഡിലെ ശോചനീയാവസ്ഥ നാട്ടുകാരും യാത്രക്കാരും കൗൺസിലർമാരും നിരന്തരം നഗരസഭാ സെക്രട്ടറിയെ അറിയിച്ചാലും നടപടിയുണ്ടാകുന്നില്ല.
കോടികൾ ചെലവഴിച്ചു നിർമിച്ച സ്റ്റാൻഡിൽ ബസ് കയറുന്നില്ലെന്നു മാത്രമല്ല, അഞ്ചോ ആറോ വ്യാപാരസ്ഥാപന നടത്തിപ്പിനു മാത്രമായാണ് ഉപകരിക്കുന്നത്. മേൽക്കൂര പത്തുലക്ഷം ചെലവിൽ നവീകരിക്കുമെന്നു നഗരസഭയിൽ പ്രഖ്യാപനമുണ്ടായി മാസങ്ങൾ കഴിഞ്ഞും നടപടികളൊന്നമുണ്ടായില്ല.