കാടുകയറിയ ചുരുളിക്കൊന്പൻ തിരിച്ചെത്തി
1571206
Sunday, June 29, 2025 4:05 AM IST
പാലക്കാട്: ആറങ്ങോട്ട് കുളന്പ് വേനോലി മേഖലയിൽ ഭീതി പടർത്തിയ ചുരുളിക്കൊന്പൻ വീണ്ടും തിരിച്ചെത്തി. കഴിഞ്ഞദിവസമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കംപൊട്ടിച്ചും മറ്റും കൊന്പനെ കാടുകയറ്റിയത്. പിടി ഫൈവ് എന്ന പേരിൽ അറിയപ്പെടുന്ന ചുരുളിക്കൊന്പൻ വേനോലി മേഖലയിൽ വൻതോതിൽ കൃഷിനാശം വരുത്തിയിരുന്നു. രാത്രിക്കാലത്തുമാത്രമല്ല പട്ടാപ്പകൽ പോലും ജനവാസമേഖലയിൽ തന്പടിച്ചുനിൽക്കുന്നതു ജനങ്ങളുടെ ജീവനും ഭീഷണിയായിരുന്നു.
ഇതിനെതുടർന്ന് വനംവകുപ്പ് കാടുകയറ്റിയെങ്കിലും ഇന്നലെ വീണ്ടും തിരിച്ചെത്തിയതോടെ ജനം ഭീതിയിലാണ്. ഇതിനു പുറമെ പുതുശേരി ചുള്ളിമട സ്കൂളിനുസമീപവും കാട്ടാനക്കൂട്ടം എത്തി. പന്ത്രണ്ടോളം ആനകളാണ് ഇവിടെയത്തിയത്.
ജനവാസമേഖലയോടു ചേർന്ന വനപ്രദേശത്താണ് ആനകൾ നിലയുറപ്പിച്ചത്. ഈ മാസമാദ്യം ഇതേ കാട്ടാനക്കൂട്ടം പ്രദേശത്ത് എത്തിയിരുന്നു. വനംവകുപ്പ് കാട്ടിലേക്ക് കയറ്റിയെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം അർധരാത്രി സമയത്ത് അട്ടപ്പാടിയിൽ കാട്ടാന വീടിന്റെ ഗേറ്റ് തുറന്ന് മുറ്റത്തുകൂടെ കടന്നുപോകുകയുണ്ടായി.