ചിറ്റൂരിൽ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ തുടങ്ങാൻ നഗരസഭാ തീരുമാനം
1571511
Monday, June 30, 2025 1:45 AM IST
ചിറ്റൂർ: ഷോപ്പിംഗ് കോംപ്ലക്സിൽ നിർമിക്കാൻ പോകുന്ന ബസ് സ്റ്റാൻഡിന്റെ ഡിപിആർ ഉടൻ തയാറാക്കും. ഇതുമായി ബന്ധപ്പെട്ട കരാർകമ്പനിയുമായി ചർച്ചനടത്തി നടപടകൾ വേഗത്തിക്കാൻ ചിറ്റൂർ-തത്തമംഗലം നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമായി.
അണിക്കോട്ടിൽ മലിനജലം റോഡിലേക്ക് ഒഴുകുന്നതു തടയാൻ അഴുകുചാലുകൾ ഉടൻ വൃത്തിയാക്കും. തത്തമംഗലം രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ വിവാഹാവശ്യങ്ങൾക്ക് മണ്ഡപം ബുക്കുചെയ്യുന്നവർക്ക് അസൗകര്യങ്ങൾ ഏറെയുണ്ടെന്നു പരാതിയുയർന്നു.
ഇവിടെ തൊഴിലാളികളുടെ നിർബന്ധപ്പിരിവ് നടക്കുന്നതായും ആരോപണമുയർന്നു. അടുക്കളപാത്രങ്ങളടക്കം മുന്തിയ വാടകയ്ക്കു പുറന്നുനിന്നും കൊണ്ടുവരേണ്ട സ്ഥിതിയുണ്ട്. മുൻകാല സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ജീവനക്കാക്ക് ചെയർപേഴ്സൺ നിർദേശം നൽകി.
അമൃത് പദ്ധതി പ്രകാരം കുടിവെള്ള പൈപ്പിടുന്നതിനായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മഴക്കാലത്ത് റോഡ് വെട്ടിപ്പൊളിക്കുന്നത് നിർത്തണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ ഡിസംബറിനകം നിർമാണം പൂർത്തീകരിക്കണം.
അല്ലാത്തപക്ഷം തുക ലഭിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു. കൗൺസിൽ യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.എൽ. കവിത അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ കെ. ഷീജ, എം. റാഫി, മുഹമ്മദ് സലിം, ഓമന കണ്ണൻകുട്ടി, കെ. സുമതി, കൗൺസിലർമാരായ കെ. മധു, ആർ. കിഷോർ കുമാർ, ബാബുദാസ്, എം. മുകേഷ്, ആർ. അച്യൂതാനന്ദ്, എം. ഉണ്ണികൃഷ്ണൻ, ആരോഗ്യസ്വാമി എന്നിവർ പ്രസംഗിച്ചു.