കഞ്ചിക്കോട് കിൻഫ്ര പാർക്ക് രണ്ടാംഘട്ടം അലോട്ട്മെന്റ് ആരംഭിച്ചു
1571787
Tuesday, July 1, 2025 1:51 AM IST
പാലക്കാട്: കഞ്ചിക്കോട് കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ പാർക്കിലെ രണ്ടാം ഘട്ടത്തിന്റെ അലോട്ട്മെന്റ് ആരംഭിച്ചു. 213 ഏക്കർ വരുന്ന രണ്ടാം ഘട്ടത്തിൽ 74 ഏക്കർ ഭൂമി ഭാരത് പെട്രോളിയം ലിമിറ്റഡിന് അനുവദിച്ചു. കൊച്ചിയിൽ ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ ധാരണാപത്രം ഒപ്പിട്ട പദ്ധതിയാണിത്.
പൊതുഇടത്തിന്റെ വികസനാവശ്യങ്ങൾക്കുശേഷംവരുന്ന ഏതാണ്ട് നൂറ് ഏക്കറോളം ഭൂമി മാത്രമാണ് പാർക്കിൽ ഇനി അനുവദിക്കാനുള്ളത്. പാർക്കിന്റെ വികസന പ്രവർത്തനങ്ങൾ വ്യവസായ മന്ത്രി പി. രാജീവ് നേരിട്ടെത്തി വിലയിരുത്തി.
രണ്ടു ഘട്ടങ്ങളും ചേർത്ത് 430 ഏക്കറോളം ഭൂമിയാണ് പാർക്കിൽ ആകെയുള്ളത്. ഒന്നാംഘട്ടത്തിൽ 155.51 ഏക്കർ ഭൂമിയും 1,21,553 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുമാണ് സംരംഭകർക്കായി കിൻഫ്ര സജ്ജമാക്കിയത്.
ഇതിലെ 142.55 ഏക്കർ ഭൂമി 128 വ്യവസായങ്ങൾക്കായാണ് അനുവദിച്ചത്.
ഏകദേശം 450 കോടി രൂപയുടെ നിക്ഷേപവും നാലായിരത്തിൽപരം തൊഴിലവസരങ്ങളുമാണ് ഒന്നാംഘട്ടത്തിൽ സൃഷ്ടിച്ചിട്ടുള്ളത്.
എസ്ഡിഎഫ് പൂർണമായും അനുവദിച്ചിരിക്കുന്നത് ഖനനരംഗത്തെ പ്ലാന്റുകളുടെയും ഉപകരണങ്ങളുടേയും നിർമാതാക്കളായ ഹെയ്ൽ സ്റ്റോണിനാണ്. 2020ൽ ഇവിടെ അഞ്ച് ഏക്കർ ഭൂമിയിൽ പ്രവർത്തനമാരംഭിച്ച ഹെയ്ൽസ്റ്റോണ് യൂണിറ്റ് വിവിധ ഖനനാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനാണ് എസ്ഡിഎഫിൽ സ്ഥലം ഏറ്റെടുത്തത്.
20 കോടി രൂപ നിക്ഷേപമുള്ള ഈ പദ്ധതി, നടപടിക്രമങ്ങൾ പൂർത്തിയാക്കി മെയ് അഞ്ചിനാണ് പ്രവർത്തനം ആരംഭിച്ചത്.
ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ ധാരണാപത്രം ഒപ്പിട്ട പദ്ധതിയാണ് ഇതും. ഇവിടെ ആദ്യമായി വികസിപ്പിച്ച ലോകോത്തര നിലവാരത്തിലുള്ള ട്രാക് മൗണ്ടിംഗ് മെഷീൻ മന്ത്രി രാജീവ് അനാച്ഛാദനം ചെയ്തു.
രണ്ടാം ഘട്ടത്തിൽ 650 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ബിപിസിഎല്ലിന്റെ പദ്ധതിക്ക് 90 വർഷമാണ് പാട്ടക്കാലാവധി. മാർച്ച് മാസം അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമി കന്പനിക്ക് കൈമാറി.
1,19,711 കിലോലിറ്റർ സംഭരണശേഷിയുള്ള പ്ലാന്റാണ് ഭാരത് പെട്രോളിയം ഇവിടെ സ്ഥാപിക്കുന്നത്.
പാർക്കിൽ രണ്ടാംഘട്ടം വികസനത്തിന്റെ ഭാഗമായി കിൻഫ്ര നടത്തിവരുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് സമാന്തരമായി ബിപിസിഎൽ തങ്ങൾക്കാവശ്യമായ നിർമാണപ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.