അട്ടപ്പാടി റോഡ് കരാറുകാരനെതിരേ പരാതിയുമായി എംഎൽഎ
1571802
Tuesday, July 1, 2025 1:51 AM IST
മണ്ണാർക്കാട്: അട്ടപ്പാടി റോഡ് കരാറുകാരനെതിരേ പരാതിയുമായി എൻ. ഷംസുദീൻ എംഎൽഎ കിഫ്ബി ആസ്ഥാനത്ത്. സിഇഒ ഡോ.കെ.എം. അബ്രഹാമിനെ നേരിൽ കണ്ട് പരാതി നൽകി. മണ്ണാർക്കാട് ചിന്നത്തടാകം റോഡിന്റെ ഒന്നാംഘട്ട പ്രവൃത്തി ഒന്നര വർഷമായിട്ടും പൂർത്തീകരിക്കാൻ കരാറുകാരനും ഉദ്യോഗസ്ഥർക്കും കഴിയാത്തതിനാലാണ് കരാറുകാരനെതിരെ എംഎൽഎ പരാതി നൽകിയത്. വിഷയത്തിൽ ഇടപെടാമെന്ന് കിഫ്ബി സിഇഒ എംഎൽഎക്ക് ഉറപ്പ് നൽകി.
നെല്ലിപ്പുഴ മുതൽ ആനമൂളി വരെയാണ് ഒന്നാംഘട്ട പ്രവൃത്തികൾ നടക്കുന്നത്. ഡ്രൈനേജിന്റെ പ്രവൃത്തികളും ടാർ ചെയ്യുന്ന പ്രവർത്തികളും പൂർത്തീകരിച്ചിട്ടില്ല. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാണ്. പലതവണ എംഎൽഎ ഉൾപ്പെടെ പറഞ്ഞിട്ടും കരാറുകാർ റോഡ്പണി പൂർത്തീകരിക്കുന്നതിന് തയ്യാറായില്ല. തുടർന്ന് വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും സമരവുമായി രംഗത്ത് വന്നിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.