തെരുവുനായകൾക്കു പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ് ഒറ്റപ്പാലത്തു തുടങ്ങി
1571796
Tuesday, July 1, 2025 1:51 AM IST
ഒറ്റപ്പാലം: നഗരസഭ പ്രദേശത്ത് തെരുവുനായകൾക്ക് പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവെയ്്പ് എടുക്കുന്ന നടപടികൾ തുടങ്ങി. മൃഗസംരക്ഷണ വകുപ്പ് നൽകിയ ശുപാർശ പരിഗണിച്ചാണു മുഴുവൻ തെരുവുനായകളെയും കുത്തിവെപ്പിനു വിധേയമാക്കാൻ നഗരസഭ നടപടികൾ തുടങ്ങിയത്.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. ഈ ആഴ്ച തന്നെ ആദ്യ 4 വാർഡുകളിൽ കുത്തിവെയ്്പ് പൂർത്തിയാക്കുമെന്നു മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
നായകളെ പിടിച്ച് അവിടെ വച്ചുതന്നെ കുത്തിവെപ്പിനു വിധേയമാക്കിയ ശേഷം തുറന്നുവിടുന്നതാണു രീതി. ഒരു മാസം മുന്‍പാണു പ്രഭാത സവാരിക്കിറങ്ങിയ മായന്നൂർ സ്വദേശിയായ എഴുപതുകാരിയെയും ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയെയും നായ കടിച്ചത്.
ഇതിനുപിന്നാലെ നാട്ടുകാരും മൃഗസംരക്ഷണ വകുപ്പും ചേർന്നു പിടികൂടിയ നായയെ നിരീക്ഷിച്ച ശേഷമാണു പേവിഷബാധ സ്ഥിരീകരിച്ചത്. പിന്നാലെ കുത്തിവെപ്പു നടത്തണമെന്ന് ആവശ്യപ്പെട്ടു മൃഗസംരക്ഷണ വകുപ്പ് നഗരസഭയ്ക്കു കത്തു നൽകുകയായിരുന്നു.
ഇതിനിടെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളിലും കേന്ദ്രീയ വിദ്യാലയം പ്രദേശം ഉൾപ്പെടെ കിഴക്കൻ മേഖലയിലും തെരുവുനായ ശല്യം രൂക്ഷമായി. പ്രഭാതസവാരിക്കിറങ്ങിയവർ ആക്രമിക്കപ്പെട്ട മായന്നൂർപ്പാലം പരിസരത്തും നായ്ക്കളുടെ ശല്യത്തിനു ഇപ്പോഴും കുറവില്ലാത്ത സ്ഥിതിയാണ്.