ദേശീയപാതയുടെ അശാസ്ത്രീയ നിർമാണം: വടക്കഞ്ചേരിയിൽ സ്ട്രീറ്റുകൾ വെള്ളക്കെട്ടിൽ
1571217
Sunday, June 29, 2025 4:05 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാതയുടെ അശാസ്ത്രീയമായ നിർമാണംമൂലം ഹോട്ടൽ ഡയാനക്കടുത്തുള്ള വിവിധ സ്ട്രീറ്റുകളിലെ മുപ്പതോളം കുടുംബങ്ങൾ രൂക്ഷമായ വെള്ളക്കെട്ടിൽ. മഴപെയ്താൽ സമീപത്തെ കുന്നുകളിൽ നിന്നുള്ള വെള്ളം വരെ ഒഴുകിയെത്തി കെട്ടിനിൽക്കുന്നത് ഇവിടുത്തെ ഉല്ലാസ് നഗർ സ്ട്രീറ്റുകളിലാണ്. ദേശീയപാത നിർമിച്ചപ്പോൾ പാതകളുടെ ഇരു ഭാഗത്തും കുത്തിയൊഴുകിയെത്തുന്ന മഴവെള്ളം ഒഴിഞ്ഞു പോകാൻ വഴിയുണ്ടാക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് വീട്ടുകാർ പറഞ്ഞു.
മൂന്നടിയോളം ഉയരത്തിൽ പ്രദേശമാകെ വെള്ളം പൊങ്ങി റോഡും പറമ്പും വീടും തിരിച്ചറിയാനാകാത്ത വിധമാകും വെള്ളക്കെട്ട്. തോരാത്ത മഴ തുടർന്നാൽ വെള്ളം പൊങ്ങി വീടുകളുടെ കൂടുതൽ ഭാഗങ്ങൾ മുങ്ങും. തേനിടുക്ക്, പമ്പരംകുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളവും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ദേശീയപാതയുടെ സർവീസ് റോഡിൽ സ്ട്രീറ്റുകളിലേക്കുള്ള പ്രവേശന വഴികൾ അടച്ച് രാത്രി കാലങ്ങളിൽ ചരക്കു ലോറികൾ ഉൾപ്പെടെ നിർത്തിയിടുന്നതുമൂലം വീട്ടുകാർ തടങ്കലിലാകുന്ന സ്ഥിതിയുമുണ്ട്.
ചികിത്സ ഉൾപ്പെടെ അത്യാവശ്യങ്ങൾക്ക് വാഹനം ഓടിച്ച് പോകാനും ഇതുമൂലം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ദേശീയപാത അഥോറിറ്റിക്കും കരാർ കമ്പനിക്കും പഞ്ചായത്തിനും വെള്ളക്കെട്ട് സംബന്ധിച്ച് നിരവധിതവണ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. അധികൃതരുടെ അനാസ്ഥ തുടർന്നാൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് വീട്ടുകാരിപ്പോൾ.