വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള സുബ്രഹ്മണ്യന്റെ ജീവിതം ദുരിതപൂർണം
1571799
Tuesday, July 1, 2025 1:51 AM IST
വടക്കഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വണ്ടാഴി പഞ്ചായത്ത് ഓഫീസിനടുത്തെ സുബ്രഹ്മണ്യനും കുടുംബവും വലിയ കഷ്ടപ്പാടിലാണ്. ചികിത്സ തുടരുന്നതിനോ നിത്യചെലവുകൾക്കോ മാർഗമില്ലാതെ ഏറെ ദുരിതത്തിലാണ് ഇവരുടെ ജീവിതം. 11 മാസം മുമ്പാണ് വീടിനടുത്ത് വച്ച് സുബ്രഹ്മണ്യ (53)നെ ബൈക്ക് ഇടിച്ചത്. ഇടിച്ച ബൈക്ക് നിർത്താതെ പോയി. റോഡിൽ അവശനിലയിൽ കിടന്നിരുന്ന സുബ്രഹ്മണ്യനെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ ഇടുപ്പിലും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. താലൂക്ക്, ജില്ലാ ആശുപത്രികളിൽ ചികിത്സ നടത്തിയാണ് വീട്ടിൽ കൊണ്ടുവന്നത്. എന്നാൽ ഇപ്പോഴും സ്വയം എഴുന്നേറ്റു നടക്കാനോ സ്വന്തം കാര്യങ്ങൾക്കോ ശക്തിയില്ല.
ഭാര്യ കൂലിപ്പണിക്കുപോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ചികിത്സകളും വീട്ടുചെലവുകളും നടക്കുന്നത്. പണിയില്ലെങ്കിൽ ഉള്ളതും ഇല്ലാതാകും. മകൻ പഠനം നിർത്തി ഹോട്ടൽ പണിക്ക് പോകുന്നുണ്ടെങ്കിലും അച്ഛനെ സഹായിക്കാനുള്ള വരുമാനമൊന്നും ആയിട്ടില്ല. രണ്ടു സെന്റ് സ്ഥലത്ത് രണ്ടുമുറി തേക്കാത്ത കുടുസുമുറിയാണ് വീട്. തണുപ്പടിക്കുന്ന കോൺക്രീറ്റിൽ നിലത്ത് തുണി വിരിച്ചാണ് സുബ്രഹ്മണ്യൻ കിടക്കുന്നത്.
മഴക്കാലത്ത് തണുപ്പടിക്കാതിരിക്കാൻ ഒരു കട്ടിലെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹമാണ് സുബ്രഹ്മണ്യൻ പങ്കുവക്കുന്നത്. ചികിത്സകളും തുടരണം. എന്നാലെ സ്വയം നടക്കാവുന്ന സ്ഥിതി വരൂ. ഭാര്യ രാവിലെ പണിക്കുപോകും മുമ്പ് എന്തെങ്കിലുമൊക്കെ ഭക്ഷണം ഉണ്ടാക്കി സുബ്രഹ്മണ്യന്റെ അടുത്ത്വച്ച് പോകും. കൂലിപ്പണികഴിഞ്ഞ് തിരിച്ച് വീട്ടിൽ തിരിച്ചെത്തിയാലും ഭാര്യക്കും വിശ്രമമില്ല. ഭർത്താവിന്റെ പകലിലെ പ്രാഥമികാവശ്യങ്ങൾ വരെ നിറവേറ്റുന്നത് പണികഴിഞ്ഞ് ഭാര്യ വീട്ടിൽ തിരിച്ചെത്തുമ്പോഴാണ്.
സമീപത്തു തന്നെയുള്ള പഞ്ചായത്ത് ഓഫീസിൽ വീട്ടുകാരുടെ ദൈന്യസ്ഥിതി അറിയിച്ചിട്ടും സഹായങ്ങളൊന്നും ഉണ്ടാകുന്നുമില്ല. സമീപവാസിയായ ഗഫൂർ മുടപ്പല്ലൂർ ഉൾപ്പെടെയുള്ളവർ ഇടയ്ക്ക് ഭക്ഷണവും മറ്റും എത്തിച്ചുകൊടുക്കുന്നുണ്ട്.