ഒറ്റപ്പാലം- ചെർപ്പുളശേരി റോഡ് തകർച്ച: സർവീസ് നിർത്തുമെന്നു സ്വകാര്യബസുകൾ
1571204
Sunday, June 29, 2025 4:05 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം- ചെർപ്പുളശേരി റോഡ് തകർച്ച പരിഹരിച്ചില്ലെങ്കിൽ സർവീസ് നിർത്തിവയ്ക്കാൻ സ്വകാര്യബസ് സംഘടനകൾ തീരുമാനിച്ചു. കുലുങ്ങിയും കുടുങ്ങിയും പാതാള ഗർത്തങ്ങളിൽപ്പെട്ട് അപകടത്തിൽ ചാടിയും നടുവൊടിക്കും ദുരിതയാത്ര തുടരേണ്ടതില്ലന്നാണ് ബസ് സർവീസ് സംഘടനകളുടെ കൂട്ടായ തീരുമാനം.
വലിയതോതിൽ ഇന്ധനച്ചെലവും തേയ്മാനങ്ങളും ബസുകൾക്കു കേടുപാടുകൾ സംഭവിക്കുന്നതു മൂലമുള്ള സാമ്പത്തിക നഷ്ടവുമെല്ലാം സഹിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് ആക്ഷേപം. റോഡ് നവീകരണം കാര്യക്ഷമമായി നടപ്പാക്കുമെന്ന പ്രഖ്യാപനം പാലിക്കപ്പെടാത്ത സ്ഥിതിയാണ്. മുമ്പ് ഒരുഭാഗത്ത് പണി തുടങ്ങിയിരുന്നു. എന്നാൽ ഇതുവരെ നവീകരണം കാര്യക്ഷമമാക്കാൻ കഴിഞ്ഞിട്ടില്ല. മഴക്കാലമായതോടെ ഇതുവഴിയുള്ള യാത്ര ഏറെ ബുദ്ധിമുട്ട് നിറഞ്ഞതുമായി.
ഈ പാതയിൽ യാത്രക്കാർക്ക് ലഭിക്കുന്നത് ദുരിതം മാത്രമാണ്. ആംബുലൻസടക്കം റോഡിൽ കുടുങ്ങുന്നുണ്ട്. ചെർപ്പുളശേരി മുതൽ കീഴൂർ റോഡ് വരെയുള്ള ഭാഗത്താണ് ഒന്നാംഘട്ട നിർമാണം തുടങ്ങിയിരുന്നത്. എന്നാൽ ഇഴഞ്ഞിഴഞ്ഞാണ് നിർമാണം തുടരുന്നത്. രണ്ടുപദ്ധതികളിലായി കിഫ്ബിയിൽ നിന്നും 83 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നതിനു തീരുമാനിച്ചത്. 17 കിലോമീറ്ററുള്ള റോഡിൽ തൃക്കടീരി മുതൽ ചെർപ്പുളശേരി വരെയുള്ള ആറുകിലോമീറ്റർ നവീകരണം പൂർത്തിയായിട്ടുണ്ട്. എന്നാൽ ഈ ഭാഗത്തും റോഡ് തകർന്നു തുടങ്ങിയിട്ടുണ്ട്. അതേസമയം മഴക്കാലം ശക്തമായതോടെ ഇനി റോഡ് നിർമാണം നടക്കുമോ എന്നകാര്യം കണ്ടറിയണം.