നിരോധിച്ച നോട്ടുമായി ഓഫീസുകൾ കയറിയിറങ്ങി വയോധിക
1571793
Tuesday, July 1, 2025 1:51 AM IST
കോയമ്പത്തൂർ: പഴയ നോട്ടുകൾ മാറ്റിവാങ്ങാൻ ആവശ്യപ്പെട്ട് നാലാമത്തെ തവണയും കളക്ടർക്ക് പരാതിനൽകി വയോധിക.
നോട്ട് അസാധുവാക്കിയത് അറിയാതെ പഴയ കറൻസികൾ കൈവശം വച്ചിരുന്ന കോയമ്പത്തൂരിൽ നിന്നുള്ള തങ്കമണി എന്ന വയോധിക ഏകദേശം 15,000 രൂപയുടെ പഴയ കറൻസി നോട്ടുകൾ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് നാലാം തവണയും കളക്ടറുടെ അടുത്തെത്തി.
കോയമ്പത്തൂരിലെ സിംഗനല്ലൂരിലെ ഉപ്പിലിപ്പാലയം സ്വദേശിയാണ് തങ്കമണി (79). ഭർത്താവ് ബാലകൃഷ്ണൻ. മകൻ സെന്തിൽകുമാർ ലോറി ഡ്രൈവറായിരുന്നു.
2018-ൽ സെന്തിൽകുമാർ ഹൃദയാഘാതം മൂലം മരിച്ചു. ഒരു ദിവസം വീട് വൃത്തിയാക്കുന്നതിനിടെ മകന്റെ ബാഗിൽ 15,000 രൂപയുടെ നോട്ടുകൾ കണ്ടതായി തങ്കമണി പറയുന്നു. ഇന്നലെ കളക്ടറേറ്റിൽ നടക്കുന്ന പൊതുജന പരാതി പരിഹാരയോഗത്തിൽ പരാതി നൽകാൻ വയോധിക എത്തി. ഇതുസംബന്ധിച്ച് മൂന്ന് തവണ ജില്ലാ കളക്ടറുടെ ഓഫീസിൽ പരാതി നൽകിയിട്ടും അധികാരികൾ ശരിയായ രീതിയിൽ പ്രതികരിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു.
തനിക്ക് ബന്ധുക്കളാരുമില്ലെന്ന് പറയുന്ന വയോധിക 15,000 രൂപ മാറ്റിയാൽ ഒരു ചെറിയ കട ആരംഭിച്ച് ഉപജീവനം കണ്ടെത്തുമെന്ന് പറഞ്ഞു.