മഴക്കെടുതി അവലോകനയോഗം; ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ വിമർശനം
1571213
Sunday, June 29, 2025 4:05 AM IST
ചിറ്റൂർ: നിയോജകമണ്ഡലത്തിൽ ഇത്തവണത്തെ മഴക്കെടുതിയിൽ തകർന്നത് 62 വീടുകൾ ഇതിൽ 59 വീടുകൾ ഭാഗികമായും മൂന്നു വീടുകൾ പൂർണമായും തകർന്നു. മഴക്കെടുതിയിൽ ഒരു മരണവും സംഭവിച്ചു. മീനാക്ഷിപുരം മുത്തുസ്വാമി പുതൂർ സ്വദേശിനി പാർവതിക്കാണ് വീടിന് മുകളിൽ മരംവീണ് ദാരുണാന്ത്യം സംഭവിച്ചത്.
മഴക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചവർക്കും വീടിനുമുകളിൽ മരം വീണ് ജീവൻ നഷ്ടപ്പെട്ട പാർവതിയുടെ കുടുംബത്തിനും ഉടൻ നഷ്ടപരിഹാരം നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി.
ചിറ്റൂർ നിയോജകമണ്ഡലത്തിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ റവന്യൂ, കൃഷി, വൈദ്യുതി, അഗ്നിരക്ഷാ സേന, പോലീസ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കനത്തമഴയിൽ തകർന്ന വൈദ്യുത തൂണുകൾ ഉടൻ പുനസ്ഥാപിക്കുന്നതിനും പട്ടഞ്ചേരി പഞ്ചായത്തിലെ പൂപ്പാറ കനാൽ, നല്ലേപ്പിള്ളി പഞ്ചായത്തിലെ മാട്ടുപ്പെട്ടി കനാൽ എന്നിവ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പറമ്പിക്കുളം തൂണക്കടവ് ഗ്രൂപ്പിൽ നിന്നും ലഭിക്കാനുള്ള 2.5 ടിഎംസി വെള്ളം നേടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ യോഗത്തിൽ മന്ത്രി ശാസിച്ചു.
തഹസിൽദാർ ആനന്ദകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത, പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീബ, പെരുമാട്ടി പഞ്ചായത്ത് അംഗം വിനോദ് കുമാർ പങ്കെടുത്തു.