കരിമ്പ ഹയർസെക്കൻഡറി സ്കൂളിൽ ബുക്ക് ഹണ്ട്
1572396
Thursday, July 3, 2025 2:02 AM IST
കല്ലടിക്കോട്: വായനപക്ഷാചരണത്തിന്റെ ഭാഗമായി കരിമ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ ബുക്ക് ഹണ്ട് വിദ്യാര്‍ഥികൾക്കു പുതിയ അനുഭവമായി.
ട്രഷർഹണ്ട് മാതൃകയിൽ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ നിശ്ചിത സമയത്തിനകം സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കണ്ടെത്തുകയായിരുന്നു മത്സരം. പന്ത്രണ്ട് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
കണ്ടെത്തേണ്ട പുസ്തകങ്ങൾ തെരയുന്നതിലൂടെ ലൈബ്രറിയിലെ നിരവധി പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക എന്നതായിരുന്നു മത്സരത്തിന്റെ ലക്ഷ്യം. റീഡിംഗ് ക്ലബിന്റെയും നാഷണൽ സർവീസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് മത്സരം നടത്തിയത്.
പ്രിൻസിപ്പൽ ബിനോയ് എൻ. ജോൺ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ, ഗായത്രി ദേവി, ജസീന, എം. അരുൺരാജ് ,വിദ്യാർഥികളായ ആൽവിൻ സിജു, പി.യു. ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.