ഈ ലഹരി വേറെ ലെവൽ
1572395
Thursday, July 3, 2025 2:02 AM IST
വടക്കഞ്ചേരി: ഇതൊക്കെ ഇന്നു അപൂർവകാഴ്ചകളാണ്. പാളയം പുഴക്കടുത്ത് ടാർ റോഡിന്റെ വശംചേർന്ന് ഒഴുകുന്ന ചാലിൽനിന്നു കൈ കൊണ്ട് മീൻകുഞ്ഞുങ്ങളെ പിടിക്കുകയാണ് കുട്ടികളായ നിതിനും ഹരിദാസും.
റോഡരികിലെ ചാലായതിനാൽ അതിൽ പലയിടത്തും റോഡിൽനിന്നും തെറിച്ചുവന്നിട്ടുള്ള മെറ്റലുണ്ട്. അതുമാറ്റിയിട്ട് ഇരുഭാഗത്തും രണ്ടുപേരുമിരുന്ന് കൈകൊണ്ടുള്ള മീൻ കുഞ്ഞുങ്ങളെ പിടിക്കുന്ന കാഴ്ച കണ്ടുനിന്നവരിലും കൗതുകം നിറച്ചു.
കിട്ടുന്ന മീൻകുഞ്ഞുങ്ങളെ സൂക്ഷിക്കാൻ പാതി വെള്ളംനിറച്ച ചെറിയകുപ്പിയും ഇവർ കരുതിയിട്ടുണ്ട്. അരമണിക്കൂറിനകം രണ്ട് ചെറു നാടൻ മീൻകുഞ്ഞുങ്ങളേ ഇവർക്കു കിട്ടിയുള്ളു. എങ്കിലും അവർ നിരാശരാകാതെ ശ്രമം തുടർന്നു.
മീൻ കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ച് വലിയ കുപ്പികളിൽ വളർത്താനാണെന്ന് അവർ പറഞ്ഞു.
മീൻ കിട്ടിയില്ലെങ്കിലും ഇതെല്ലാം ജീവിതപാഠങ്ങളാണെന്നു കണ്ടുനിന്നിരുന്ന മുതിർന്നവർ പറഞ്ഞുകൊടുത്തു. കുട്ടികൾ മഴയും വെയിലും കൊള്ളണം. പനിയും ജലദോഷവും മൂക്കൊലിപ്പുമുണ്ടാകണം.
എങ്കിലേ ശരീരം പുതിയ കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള കരുത്ത് ആർജിക്കൂ- ചേട്ടന്മാരുടെ അറിവുപകരലും തുടർന്നു.
ഇവിടെ നിന്നും കുറച്ചു മാറി പഴയ ശ്രീരാമ തീയറ്ററിനടുത്ത് എത്തിയാൽ അവിടെ ചൂണ്ടക്കാരുടെ ബഹളമാണ്. വിലപനയ്ക്കൊന്നുമല്ല, - ഇതൊരു ലഹരിയാണ് അവരും പറയുന്നു.