വന്യമൃഗങ്ങളുടെ ആക്രമണഭീതിയിൽ മലയോരമേഖല
1572038
Wednesday, July 2, 2025 1:14 AM IST
പാലക്കയം: മലയോരജനതയുടെ ആശങ്കകൾ പങ്കുവെച്ച് തച്ചമ്പാറ പഞ്ചായത്ത് ജനജാഗ്രതസമിതിയുടെ ആലോചനായോഗം ചേർന്നു. ജാഗ്രതായോഗം തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. പാലക്കയം സെന്റ് മേരീസ് പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ മനോജ് അടക്കമുള്ള ഉദ്യോഗസ്ഥരോട് കർഷകർ ആശങ്കകൾ പങ്കുവെച്ചു.
വനാതിർത്തികളിൽ വന്യമൃഗപ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടും കാട്ടാനകളിറങ്ങുന്നത് മലയോരേഖലയിലെ ജനജീവിതം ദുരിതത്തിലാക്കുന്നു. മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലെ വനാതിർത്തികളിലാണ് കാട്ടാനശല്യം രൂക്ഷമായത്.
പലവട്ടം കാട്ടിലേക്ക് തുരത്തിയിട്ടും രാത്രി വീണ്ടും കാടിറങ്ങുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. ധോണി, പയറ്റാംകുന്ന്, കയ്യറ, ഞാറക്കോട്, അത്താണിപ്പറമ്പ്, പുളിയംപുള്ളി, വടക്കന്റെ കാട്, മലമ്പള്ള, എതിർപ്പുള്ളി, മേലേപയ്യാനി, മുതുകാട് പറമ്പ്്, പാങ്ങ്, ചെറുമല, തരുപ്പപ്പതി, മുണ്ടനാട്, അച്ചിലട്ടി, ചീനിക്കപ്പാറ, വട്ടപ്പാറ തുടങ്ങിയ ഭാഗങ്ങളിലും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോലയിലും വന്യമൃഗങ്ങൾ സ്ഥിരമായി ഇറങ്ങുന്നത് പ്രതിരോധസംവിധാനങ്ങൾ തകർത്താണ്. പൂർത്തീകരിച്ച ഭാഗങ്ങളിൽ ഫെൻസിംഗ് തകർത്ത് ആനകളിറങ്ങുന്നതും വെല്ലുവിളിയാവുകയാണ്. കർഷകർക്ക് കൃഷിയിടങ്ങളിൽ പോലും ഇറങ്ങാൻ കഴിയാതെ കഷ്ടപ്പെടുകയാണ്. കല്ലടിക്കോടൻ മലയുടെ താഴ് വാരത്ത് വൈദ്യുതിവേലികളുടെ നിർമാണം പലഭാഗങ്ങളിലും പൂർത്തിയായിട്ടില്ല. പൂർത്തിയാക്കിയ ഭാഗങ്ങളിൽ കാട്ടാനകൾ തകർത്ത് അകത്തുകയറുന്നതും പതിവാണ്.
മരങ്ങൾ തള്ളിയിട്ട് വേലിതകർത്താണ് ആനകളിറങ്ങുന്നത്. കൃത്രിമശബ്ദം പുറപ്പെടുവിച്ച് ആനകളെ വിരട്ടിയോടിക്കാനുള്ള ഫാംഗാർഡ് സംവിധാനവും ചില ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഫെൻസിംഗ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം പൊന്നംകോട് ഫൊറോനാ സമിതി കല്ലടിക്കോട്ട് ഏകദിന സത്യാഗ്രഹം നടത്തുകയുണ്ടായി.
കാട്ടാന, മാൻ, കടുവ, പുലി, ചെന്നായ, തുടങ്ങിയ മൃഗങ്ങൾ കൃഷിയിടത്തിലും വീടുകൾക്കു സമീപവും എത്തുന്നതും ആളുകളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും പതിവാണ്. പൂഞ്ചോലമുതൽ വേലിക്കാടുവരെ 37 കിലോമീറ്ററിലാണ് ഇവിടെ സൗരോർജ തൂക്കുവേലി ഒരുക്കുന്നത്. മൂന്നു റീച്ചുകളിലായാണ് നിർമാണം. ഇതിൽ 12.7 കിലോമീറ്റർ പൂർത്തിയായി. കർഷകരുടെ പരാതികൾ സ്വീകരിക്കുകയും ആശങ്കകൾ പരിഹരിക്കാൻ നടപ ടി സ്വീകരിക്കുമെന്നും അധികാരികൾ പറഞ്ഞു.