ആലത്തൂരിൽ തെരുവുനായകൾ ഭീഷണിയാകുന്നു
1572051
Wednesday, July 2, 2025 1:14 AM IST
ആലത്തൂർ: തെരുവ് നായകൾ റോഡിലൂടെ അലഞ്ഞു തിരിയുന്നത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. കൂട്ടമായി എത്തുന്ന നായകൾ പലപ്പോഴും ആക്രമണകാരികളാണ്. പലപ്പോഴും പത്തോളം നായകൾ വരെ ഒരു സംഘത്തിൽ ഉണ്ടാകും.
കാൽനടയാത്രക്കാർ പലപ്പോഴും ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. കൂടാതെ ഇരുചക്ര വാഹനങ്ങൾ ഇവയിൽ ഏതിനെ എങ്കിലും തട്ടിയാൽ വീണ് അപകടം ഉണ്ടാകുന്നതും പതിവായിരിക്കുന്നു.
മഴക്കാലമായതിനാൽ റോഡിൽ പലയിടത്തും കുണ്ടും കുഴികളും മൂലം യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് നായകളുടെ അപ്രതീക്ഷിതമായ കടന്നുവരവും ആക്രമണവും ഭീഷണി തന്നെയാണ്.
കൃത്യമായി ബന്ധപ്പെട്ട അധികൃതർ ഇവയെ വന്ധീകരിക്കാത്തതാണ് നായകൾ പെറ്റു പെരുകാൻ കാരണം. പേവിഷബാധയ്ക്കുള്ള വാക്സിന്റെ ലഭ്യതക്കുറവാണ് മറ്റൊരു പ്രശ്നം. ഒരു കേന്ദ്രത്തിൽ നിന്ന് മറ്റ് കേന്ദ്രങ്ങളിലേക്ക് എത്തിച്ചാണ് വാക്സിൻ ക്ഷാമം പരിഹരിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് പുറമേ ആലത്തൂർ താലൂക്ക് ആശുപത്രി, പഴമ്പാലക്കോട് പിഎച്ച്സി, വടക്കഞ്ചേരി ഗവ.ആശുപത്രി, കുഴൽമന്ദം ഗവ. ആശുപത്രി എന്നിവിടങ്ങളിലാണ് ഈ മേഖലയിൽ പേവിഷബാധക്കുള്ള വാക്സിൻ ലഭ്യമാകുന്നത്.