ആരോഗ്യവകുപ്പ് അഴിമതിയുടെ കേന്ദ്രമായി: വി.കെ. ശ്രീകണ്ഠൻ എംപി
1572042
Wednesday, July 2, 2025 1:14 AM IST
പാലക്കാട്: കേരളത്തിലെ ആരോഗ്യവകുപ്പ് അഴിമതിയുടെ കേന്ദ്രമായി മാറിയതിന്റെ പരിണിതഫലമാണ് ഇന്നത്തെ മെഡിക്കൽ കോളജുകളിലെ ദുരവസ്ഥയ്ക്ക് കാരണമെന്നു വി.കെ. ശ്രീകണ്ഠൻ എംപി. മെഡിക്കൽ കോളജുകളിലെ ദുരവസ്ഥയ്ക്കെതിരേ കെപിസിസി ആഹ്വാനം ചെയ്ത പ്രതിഷേധധർണയുടെ ഭാഗമായി പാലക്കാട് മെഡിക്കൽ കോളജിനുമുന്നിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജുകളിലെ ശോചനീയാവസ്ഥ ഡോക്ടർമാർതന്നെ വിളിച്ചുപറയുന്ന സ്ഥിതിക്കുകാരണം ഭരണനേതൃത്വത്തിന്റെ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷത വഹിച്ച പ്രതിഷേധധർണയിൽ മുൻ ആരോഗ്യമന്ത്രി വി.സി. കബീർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ, കെ.എ. തുളസി, മുൻ ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, മുൻ എംഎൽഎ കെ.എ. ചന്ദ്രൻ, കെപിസിസി സെക്രട്ടറി പി.വി. രാജേഷ്, യുഡിഎഫ് കണ്‍വീനർ പി. ബാലഗോപാലൻ എന്നിവർ പ്രസംഗിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ സ്വാഗതവും കെ.എം. ഫെബിൻ നന്ദിയും പറഞ്ഞു.