പടിഞ്ഞാറൻ അട്ടപ്പാടിയിൽ ഭീതിപരത്തി കാട്ടാനകൾ
1572040
Wednesday, July 2, 2025 1:14 AM IST
അഗളി: പടിഞ്ഞാറൻ അട്ടപ്പാടിയിൽ കാട്ടാനശല്യം രൂക്ഷമായി. മഞ്ഞച്ചോല പ്രദേശത്ത് ആഴ്ചകളായി ചുറ്റിക്കറങ്ങിയിരുന്ന കാട്ടാനകളാണ് ഇന്നലെ മുക്കാലിയിലും പരിസരപ്രദേശങ്ങളിലും വിലസിയത്.
ഇന്നലെ പുലർച്ചെ ജനവാസ കേന്ദ്രത്തിൽ എത്തിയ മൂന്നംഗ സംഘത്തെ തുരത്താൻ മുക്കാലി ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ആർആർടി സംഘവും നാട്ടുകാരും നടത്തിയ ശ്രമം വിജയം കണ്ടില്ല. പടക്കംപൊട്ടിച്ചും കൂകിവിളിച്ചും ആനകളെ മന്ദംപൊട്ടിവരെ എത്തിച്ചെങ്കിലും കാടുകയറാൻ കൂട്ടാതെ വീണ്ടും ജനവാസകേന്ദ്രത്തിലേക്ക് എത്തി.
മുക്കാലി ഊരിലും പറയൻകുന്ന് പ്രദേശത്തും ചോലക്കാട് ജനവാസകേന്ദ്രത്തിലും എംആർഎസ് സ്കൂളിനു പരിസരത്തും കാട്ടാനകൾ ഓടി നടന്നു. സന്ധ്യയോടെ പ്രദേശവാസികൾ അധികം പേരും ആനയോടിക്കൽ മതിയാക്കി വീടുകളിലേക്ക് മടങ്ങി. ആർആർടി, ഫോറസ്റ്റ് സംഘങ്ങൾ ശ്രമം തുടരുകയാണ്. വനത്തിൽനിന്ന് ജനവാസകേന്ദ്രങ്ങളിലേക്കു വന്യമൃഗങ്ങൾ കടക്കാത്തവിധം ശക്തമായ സംവിധാനം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആനയും പുലിയും അടക്കമുള്ള വന്യമൃഗങ്ങളെ ഭയന്ന് പകൽപോലും പുറത്തിറങ്ങാൻ ആകാത്ത സ്ഥിതിയിലാണ് അട്ടപ്പാടിക്കാർ.
അഗളി സ്റ്റേറ്റ് ബാങ്ക് ജംഗ്ഷൻ അടക്കം അട്ടപ്പാടിയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒക്കെ വന്യമൃഗങ്ങൾ പ്രത്യക്ഷപ്പെടുന്നു. വന്യമൃഗങ്ങളിൽനിന്ന് ജനങ്ങൾക്കു ശാശ്വതമായ സംരക്ഷണം നൽകാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
ജൂൺ അഞ്ചിന് കിസാൻ സഭ അട്ടപ്പാടി മണ്ഡലം കമ്മിറ്റി ആനപ്രശ്നം, ഭൂമിപ്രശ്നം എന്നിവയ്ക്കു പരിഹാരം ആവശ്യപ്പെട്ടു മുക്കാലി ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ സമരം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പൊറ്റശേരി മണികണ്ഠൻ സമരം ഉദ്ഘാടനം ചെയ്യും.