തെരുവുനായകളെ ഇടിച്ച് ബൈക്ക് മറിഞ്ഞു വീട്ടമ്മയ്ക്കു പരിക്ക്
1572039
Wednesday, July 2, 2025 1:14 AM IST
അകത്തേത്തറ: ദമ്പതികൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തി ൽ തെരുവുനായകൾ വന്നിടിച്ച് വാഹനത്തിനു പിറകിലിരുന്ന വീട്ടമ്മ തെറിച്ചുവീണു. അകത്തേത്തറ ചിത്രനഗർ ഗ്രീൻസ് വീട്ടിലെ ശ്രീവല്ലഭന്റെ ഭാര്യ ശ്രീപാർവതി(61) ക്കാണ് പരിക്കുപറ്റിയത്. അപകടത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ശ്രീപാർവതിയുടെ കാലിന്റെ എല്ലുപൊട്ടി.
തിങ്കൾ രാവിലെ 11.30 ഓടെ മലമ്പുഴ മെയിൻ റോഡിലൂടെ ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്കു തട്ടുറുമ്പുകാട് ഇടവഴിയിൽനിന്നും കടിപിടികൂടി ഓടിവന്ന തെരുവുനായകൾ ഇടിക്കുകയായിരുന്നു. പരാക്രമത്തിൽ നായകളുടെ നഖം ശ്രീപാർവതിയുടെ ദേഹത്തുകൊണ്ട് പോറലേറ്റിരിക്കാമെന്ന നിഗമനത്തിൽ വാക്സിൻ എടുക്കാനും ഡോക്ടർ നിർദേശിച്ചു.
ഈ പ്രദേശത്തു തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്നും പലപ്പോഴും അപകടങ്ങൾ ഉണ്ടാവാറുണ്ടെന്നും അധികൃതർ ശക്തമായ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.