വനമഹോത്സവത്തിനു തുടക്കം; ഉദ്ഘാടനം ഇന്ന്
1572047
Wednesday, July 2, 2025 1:14 AM IST
പാലക്കാട്: സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏഴ് വരെ നടക്കുന്ന വനമഹോത്സവം ഇന്ന് ആരണ്യഭവനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യും. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ കെ. വിജയാനന്ദൻ, ടി. ഉമ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.എം. സലീന ബീവി എന്നിവർ പങ്കെടുക്കും. ചടങ്ങിൽ ജില്ലയിലെ തെരഞ്ഞെടുത്ത കാവുകൾക്കുള്ള സംരക്ഷണ ധനസഹായം വിതരണം ചെയ്യും.
തുടർന്ന് ജില്ലയിലെ ഫോറസ്ട്രി ക്ലബ് കോ-ഓർഡിനേറ്റർമാരുടെ ശില്പശാല നടക്കും. നാളെ ഒറ്റപ്പാലം അനങ്ങൻമലയിൽ പ്രകൃതി പഠനയാത്ര, ജില്ലയിലെ വിവിധ വിദ്യാവനങ്ങളുടെ മെയിന്റനൻസ് എന്നിവയും നാലിന് ധോണി ഇക്കോ ടൂറിസം കേന്ദ്രത്തിൽ മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാ അംഗങ്ങളുടെ ശില്പശാലയും വനയാത്രയും 5 ന് പുതിയ സർപ്പ വോളന്റിയർമാരുടെ പരിശീലനം ആരണ്യഭവനിലും വിത്തൂട്ട് നെന്മാറ അകമ്പാടത്തും നടക്കും. 7 ന് കുടുംബശ്രീ അംഗങ്ങൾക്കായി അമൃത് പദ്ധതിയുടെ വുമൺ ഫോർ ട്രീ പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്.