കരിപ്പാലി, പാളയം, കണിയമംഗലം പാലങ്ങൾ ഉയരംകൂട്ടി പുനർനിർമിക്കണമെന്ന ആവശ്യം ശക്തം
1572049
Wednesday, July 2, 2025 1:14 AM IST
വടക്കഞ്ചേരി: മഴക്കാലങ്ങളിൽ പലദിവസവും വെള്ളംമുങ്ങുന്ന പ്രധാന റോഡുകളിലെ കരിപ്പാലി, പാളയം, കണിയമംഗലം പാലങ്ങൾ ഉയരംകൂട്ടി പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. ഏതാനും ദിവസങ്ങൾക്കു മുമ്പും ഈ പാലങ്ങൾ മുങ്ങി. കിഴക്കഞ്ചേരി, മംഗലം -ഗോവിന്ദാപുരം സംസ്ഥാനപാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാളയം-കരിപ്പാലി റോഡിൽ രണ്ട് പാലങ്ങളും മഴക്കാലത്ത് സ്ഥിരമായി മുങ്ങുന്നവയാണ്.
ഇതുമൂലം ഈ റോഡിലുള്ള സ്കൂളുകളുടെ പ്രവർത്തനവും പലദിവസവും തടസപ്പെടുന്ന സ്ഥിതിയുണ്ട്. പുഴകളിൽ വെള്ളം ഉയർന്നാൽ സ്കൂളിന് അവധി നൽകണം. രണ്ടു പാലങ്ങളും മുങ്ങിയാൽ സ്കൂൾ നിൽക്കുന്ന പ്രദേശം ഒറ്റപ്പെടും. താഴ്ന്നനിലയിലുള്ള കണിയമംഗലം പാലവും മുങ്ങുന്ന പാലങ്ങളിലെ മുമ്പനാണ്. മംഗലം ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയാൽ പാലംമുങ്ങി ഗതാഗതം നിലക്കും.
ഇതോടെ നിരവധി പ്രദേശത്തുകാർക്ക് യാത്ര ചെയ്യാനാകാത്ത സ്ഥിതി വരും. കൊഴുക്കുള്ളി -മുടപ്പല്ലൂർ റോഡിലെ പാലവും മുങ്ങുന്ന പാലങ്ങളിൽപ്പെടുന്നതാണ്.
വണ്ടാഴിയിലെ പാലവുമുണ്ട് മുങ്ങുന്ന കൂട്ടത്തിൽ. തച്ചനടി തെക്കെപ്പൊറ്റ റോഡിൽ പുത്തിരിപ്പാടത്തെ പാലവും മഴക്കാലത്ത് മുങ്ങുന്ന പാലം എന്ന ദുഷ്പേരുള്ള മറ്റൊരു പാലമാണ്. 2018, 2019 വർഷങ്ങളിലെ പ്രളയവർഷങ്ങൾക്കു ശേഷം തരൂർ, ആലത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലായി അരഡസനോളം വലിയ പാലങ്ങൾ യാഥാർഥ്യമായത് നിരവധി ഗ്രാമങ്ങളെ മുങ്ങലിൽ നിന്നും വിമുക്തമാക്കി. ചിറ്റടി -എളവമ്പാടം -കുണ്ടുകാട് റോഡിൽ മംഗലംപുഴക്ക് കുറുകെ നിർമിച്ച മമ്പാട് പാലം, മഴക്കാലത്ത് കൂടുതൽ ദിവസങ്ങളിലും മുങ്ങിക്കിടക്കുന്ന പുളിങ്കുട്ടം - ഇരട്ടക്കുളം - പാടൂർ റോഡിലെ തെന്നിലാപുരം പാലം, വടക്കഞ്ചേരി - പുളിങ്കുട്ടം -മണപ്പാടം റോഡിൽ കൊളയക്കാട് പാലം, മണപ്പാടം - കാവശേരി റോഡിൽ അരങ്ങാട്ടുകടവ് പാലം, രണ്ട് വർഷം മുമ്പ് തുറന്നു കൊടുത്ത മംഗലം പാലം തുടങ്ങി ഉയരം കുറഞ്ഞതും വീതിയില്ലാതിരുന്നതും കാലപ്പഴക്കം ചെന്നതുമായ പാലങ്ങളെല്ലാം ഉയർത്തി പണിതതോടെ മഴക്കാലങ്ങളിൽ പാലം മുങ്ങി വാഹനഗതാഗതം തടസപ്പെടുന്ന സ്ഥിതി ഇല്ലാതായിട്ടുണ്ട്.
വനത്തിനകത്ത് കടപ്പാറ തളികകല്ലിലെ ആദിവാസികൾ ഒറ്റപ്പെടുന്നതും ഇപ്പോൾ ഇല്ലാതായി. അവിടെ പോത്തൻതോട് കാട്ടുചോലയ്ക്ക് കുറുകെ പാലം വന്നത് ആദിവാസികൾ ഒറ്റപ്പെടുന്നത് ഇല്ലാതായിട്ടുണ്ട്. മുടപ്പല്ലൂർ - മംഗലംഡാം റോഡിൽ വണ്ടാഴിയിൽ വളയൽ പുഴ കവിഞ്ഞൊഴുകി മംഗലംഡാം റോഡിലേക്ക് വെള്ളം കയറുന്നതും ഒഴിവായി.
പ്രളയവർഷങ്ങളിൽ എല്ലാ പ്രദേശങ്ങളും ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടായത് ഏറെ ഭീതിജനകമായിരുന്നു. ഇതേ തുടർന്നായിരുന്നു പുതിയ പാലങ്ങളുടെ പണികൾ ദ്രുതഗതിയിൽ നടന്നത്.