ഓങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നു
1572043
Wednesday, July 2, 2025 1:14 AM IST
ഷൊർണൂർ: ഓങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു. ആക്രികടകളിൽ സബ്കളക്ടറുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. കാലവർഷം ശക്തമായി തുടരവേയാണ് ഡെങ്കിപ്പനി പടർന്നുപിടിക്കുന്നത്. ദിനംപ്രതി പനി ബാധിതരുടെ എണ്ണം കൂടിവരികയാണ്. ഇതിനകം 130 ന് പുറത്ത് ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു.
രോഗബാധിതർ സ്വകാര്യ -സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുകയാണ്. ഇതിനിടയിലാണ് ഒറ്റപ്പാലം സബ് കളക്ടറുടെ നേതൃത്വത്തിൽ ഓങ്ങല്ലൂർ പരിസരപ്രദേശങ്ങളിലുള്ള ആക്രികടകളിൽ റെയ്ഡ് നടത്തിയത്. ഇത്തരം ആക്രികടകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ കേന്ദ്രമായി തീർന്നിട്ടുണ്ടെന്നാണ് അധികൃതർ കരുതുന്നത്. പ്രദേശത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനിബാധിതർ ഉള്ളത് ഓങ്ങല്ലൂരിലാണ്. 67 പേർക്ക് പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടാമ്പി 22, മുതുതല 15, വിളയൂർ 11, കൊപ്പം 9, കുലുക്കല്ലൂർ 8, തിരുവേഗപ്പുറ 6 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
ഇത് ഔദ്യോഗിക കണക്കാണ്. ഇതിന്റെ മൂന്നോ നാലോ ഇരട്ടിയിലേറെ രോഗബാധിതർ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പരുതൂരിൽ 12 പേർ ഇതിനോടകം ചികിത്സ തേടിയിട്ടുണ്ട്. രോഗവ്യാപനം തുടരുമ്പോഴും ആരോഗ്യവകുപ്പിന്റെ ഇടപെടലുകൾ പൂർണമായും ഫലപ്രാപ്തിയിലെത്തുന്നില്ല. വ്യത്യസ്ത സ്ക്വാഡുകളായി ആരോഗ്യവകുപ്പ് പ്രവർത്തകർ മുഴുവൻ പഞ്ചായത്തുകളിലും സന്ദർശനം നടത്തുന്നുണ്ട്.
രോഗവ്യാപനം ഗുരുതരമായി തുടരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുള്ളതായി പരാതിയുണ്ട്. പട്ടാമ്പി മേഖലയിൽ പകർച്ചരോഗങ്ങൾ വ്യാപകമാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി.
ഡെങ്കിപ്പനി ബാധിച്ച് തിരുവേഗപ്പുറയിൽ ഒരു യുവതി മരിച്ചിരുന്നു. മഞ്ഞപ്പിത്തം ഉൾപ്പെടെ പല രോഗങ്ങളും വ്യാപകമായിരുന്നു. നിലവിലെ ആരോഗ്യവകുപ്പിന്റെ സംവിധാനത്തിലെ പോരായ്മ കാരണം രോഗവ്യാപന ഇടങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്താൻ കഴിയുന്നില്ലെന്നും ജീവനക്കാരുടെ കുറവും മറ്റു സംവിധാനങ്ങളുടെ പോരായ്മയും ആരോഗ്യവകുപ്പ് ഇടപെടലുകൾക്ക് തടസമാണെന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. റഷീദ് പറഞ്ഞു. ഡെങ്കിപ്പനി പടർന്നു പിടിക്കാനുള്ള സാഹചര്യം ആണ് നിലനിൽക്കുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.