വാണിയംകുളം-കോതകുറുശി പാതയിൽ അപകടയാത്ര
1572050
Wednesday, July 2, 2025 1:14 AM IST
ഷൊർണൂർ: വാണിയംകുളം-കോതകുറുശി പാതയിൽ നടുവൊടിക്കും യാത്ര. ഇതുവഴി യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് റോഡിലാകെയുള്ള അപകടക്കുഴികളാണ്. നല്ല റോഡാണെന്നുകരുതി വേഗത്തിൽ വരുന്ന വാഹനങ്ങളെ പല ഭാഗങ്ങളിലുള്ള ചതിക്കുഴികൾ അപകടത്തിൽചാടിക്കും. ഇരുചക്രവാഹനയാത്രികരാണു കൂടുതലായും അപകടത്തിൽപ്പെടുന്നത്.
മഴപെയ്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതു കാരണം കുഴിയാണെന്നറിയാതെയാണ് അപകടം സംഭവിക്കുന്നത്. കാറുകൾക്കും ഓട്ടോറിക്ഷകൾക്കും കേടുപാടുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇതിനുപുറമേ, കുഴിയിൽപെടാതിരിക്കാൻ വാഹനങ്ങൾ പെട്ടെന്ന് വെട്ടിക്കുന്നതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
ചെർപ്പുളശേരി-പെരിന്തൽമണ്ണ മേഖലകളിലേക്കുള്ള പ്രധാനപാതകൂടിയാണിത്. റോഡിൽ വാണിയംകുളം പഴയ സിനിമാതീയറ്റർ, കാറ്റാടിപ്പടി, പത്തംകുളം എന്നിവയടക്കമുള്ള പല ഭാഗങ്ങളിലും നിറയെ കുഴികളാണ്. ഒട്ടേറെ സ്വകാര്യബസുകളും സ്കൂൾ ബസുകളും ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും നിത്യേന സഞ്ചരിക്കുന്ന പാതയാണിത്.
ആറുവർഷത്തിലേറെയായി റോഡ് നവീകരണം തുടങ്ങിയിട്ട്. എന്നാൽ, നവീകരണത്തിന്റെ ഒന്നാംഘട്ടത്തിനു ശേഷം രണ്ടുവർഷത്തോളമായി പണി നിലച്ചിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന കരാറുകാരൻ ഒഴിവായതോടെയാണ് തുടർപണികൾ നിലച്ചത്.
അതേസമയം റോഡിലെ കുഴികൾ ഉടൻ അടയ്ക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെആർഎഫ്ബി അധികൃതർ പറഞ്ഞു. എന്തായാലും ഈ മഴക്കാലം കഴിയാതെ പാതയിൽ നവീകരണം നടക്കില്ലെന്ന കാര്യം ഉറപ്പാണ്.