ഖസാക്കിൽ പൂക്കുന്നത് മാനവികത: വൈശാഖൻ
1572393
Thursday, July 3, 2025 2:02 AM IST
പാലക്കാട്: ഖസാക്കിൽ പൂക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഇവിടെ പൂക്കുന്നത് മാനവികതയാണെന്ന് കേരള സാഹിത്യ അക്കാദമിയുടെ മുൻ പ്രസിഡന്റ് വൈശാഖൻ. ഒ.വി.വിജയൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ഒ.വി.വിജയന്റെ തൊണ്ണൂറ്റിആറാം ജ·ദിനം ഖസാക്കിൽ പൂക്കുന്നതെന്ത് എന്ന പേരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒ.വി. വിജയൻ യഥാർഥത്തിൽ പ്രവാചകനായ എഴുത്തുകാരനാണ്. ആർക്കുവേണ്ടിയാണ് യുദ്ധം എന്ന് ധർമ്മപുരാണത്തിലൂടെ പലവട്ടം ആവർത്തിച്ചു ചോദിച്ച എഴുത്തുകാരൻ. കച്ചവടക്കാർ ലോകത്തെ ഭരിക്കുന്നു എന്ന് ധർമ്മപുരാണത്തിലൂടെ തുറന്നു പറയുന്നുണ്ടെന്നും നീതിയും അനീതിയും യുദ്ധം ചെയ്യുന്പോൾ നിഷ്പക്ഷരാകുന്നത് അപരാധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ.വി. വിജയന്റെ കൃതികളിലെ ഉള്ളടക്കങ്ങളെ നിലവിലെ സാമൂഹിക പശ്ചാത്തലവുമായി വിലയിരുത്തി അദ്ദേഹം വിശകലനം ചെയ്തു.
മനുഷ്യനെക്കുറിച്ചുള്ള ആധി എന്ന വിഷയത്തിൽ ഡോ.കെ.പി. മോഹനൻ ഒ.വി. വിജയൻ സ്മൃതിപ്രഭാഷണവും ഖസാക്കിലെ സ്ഥലരാശികൾ എന്ന വിഷയത്തിൽ ഡോ. ശ്രീലത വർമ്മ മുഖ്യപ്രഭാഷണവും അവതരിപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ഒ.വി. വിജയൻ സ്മാരകത്തെക്കുറിച്ച് തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം ഡോ.കെ.പി. മോഹനൻ നിർവഹിച്ചു.
പോസ്റ്റർ രൂപകല്പന ചെയ്തതിന്റെ പശ്ചാത്തലം ജില്ല ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ വിവരിച്ചു. ഒ.വി. വിജയൻ കഥകളുടെയും നോവൽ ഭാഗങ്ങളുടെയും ചൊൽക്കാഴ്ചകൾ എം.ശിവകുമാർ, മനോജ് വീട്ടിക്കാട്, മുരളി എസ്. കുമാർ, എം.എൻ. ലതാദേവി എന്നിവർ അവതരിപ്പിച്ചു.
ഒ.വി.വിജയൻ സ്മാരകസമിതി ചെയർമാൻ ടി.കെ. നാരായണദാസ് അധ്യക്ഷനായി. ഒ.വി. വിജയൻ സ്മാരകത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ടി.ആർ. അജയൻ, ആഷാ മേനോൻ, പ്രഫ. പി.എ. വാസുദേവൻ, ഡോ.സി.പി. ചിത്രഭാനു, കെ.ആർ. ഇന്ദു, ഒ.വി. വിജയൻ സ്മാരകസമിതി ഖജാൻജി സി.പി. പ്രമോദ് എന്നിവർ പങ്കെടുത്തു.