3600 കിലോമീറ്റർ ബുള്ളറ്റ് യാത്രയിൽ പങ്കാളിയായി വാൽകുളമ്പുകാരി സനില
1572388
Thursday, July 3, 2025 2:02 AM IST
വടക്കഞ്ചേരി: ഭീകരാക്രമണം നടന്ന കാശ്മീരിലെ പഹൽഗാമിലേക്കുള്ള ബുള്ളറ്റ് യാത്രയിൽ പങ്കാളിയായി കിഴക്കഞ്ചേരി വാൽക്കുളമ്പ് സ്വദേശിനി സനിലയും. ഭീകരാക്രമണത്തെ അപലപിക്കാനും കൊല്ലപ്പെട്ട നിരപരാധികളായവരുടെ വീട്ടുകാർക്ക് സാന്ത്വനമാകാനും ഭീകരതയിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനാകില്ലെന്ന സന്ദേശവുമുയർത്തി സംഘടിപ്പിച്ചതായിരുന്നു യാത്ര.
സമൂഹമാധ്യമ കൂട്ടായ്മയായ ചലോ എൽഒസി (ലൈൻ ഓഫ് കൺട്രോൾ ) എറണാകുളം കാലടിയിൽനിന്നാണ് യാത്ര സംഘടിപ്പിച്ചത്.
ഡോ.ആർ. രാമാനന്ദായിരുന്നു ടീം ലീഡർ. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 26 നിരപരാധികൾക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രതീകാത്മകമായി 26 ബുള്ളറ്റുകളിൽ ‘ബുള്ളറ്റിനെതിരെ ബുള്ളറ്റിൽ' എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു യാത്ര. 10 സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് 11 ദിവസം കൊണ്ട് സംഘം പഹൽഗാമിലെത്തി. 3600 കിലോമീറ്റർ നീളുന്ന ബുള്ളറ്റ് യാത്ര. കുപ്വാര ജില്ലയിലെ ടീത് വാൾ വരെ സംഘം എത്തി അവിടുത്തെ ശാരദാ ക്ഷേത്രത്തിലാണ് സമാപിച്ചത്. ഭീകരാക്രമണത്തിനുശേഷം നിയന്ത്രണ രേഖയിലെത്തുന്ന ആദ്യ സിവിലിയൻ സംഘവും തങ്ങളുടേതായിരുന്നെന്ന് സനില പറഞ്ഞു.
ഇതിനായി പ്രത്യേക അനുമതികളും ബന്ധപ്പെട്ടവരിൽ നിന്നും നേടിയിരുന്നു. വാൽക്കുളമ്പ് തട്ടാൻകുളമ്പ് മാരിയപ്പൻ - സുശീല ദമ്പതികളുടെ മകളാണ് 28 കാരിയായ സനില. കോയമ്പത്തൂരിലെ യെല്ലോ ട്രെയിൻ ഇന്റർനാഷണൽ സ്കൂളിലെ കായികാധ്യാപികയായ സനിലക്ക് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. അതും ബുള്ളറ്റിൽ.
അങ്ങനെയാണ് സമൂഹമാധ്യമ കൂട്ടായ്മയിലൂടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി യാത്ര ചെയ്യാനുള്ള അവസരമുണ്ടായത്. ഐഫോർ ന്യൂസ് എന്ന ഓൺലൈൻ വാർത്താ ചാനലിന്റെ റിപ്പോർട്ടർ കൂടിയാണ് സനില.