അപകടങ്ങൾക്ക് ശാശ്വതപരിഹാരത്തിനായുള്ള പദ്ധതി സമർപ്പിക്കണം: വി.കെ. ശ്രീകണ്ഠൻ എംപി
1572389
Thursday, July 3, 2025 2:02 AM IST
കല്ലടിക്കോട്: കരിമ്പ പനയമ്പാടം ദേശീയപാതയിലെ അപകടപരമ്പരകൾക്ക് ശാശ്വത പരിഹാരത്തിനായുള്ള പദ്ധതി സമർപ്പിക്കണമെന്ന് നിർദേശിച്ച് വി.കെ. ശ്രീകണ്ഠൻ എംപി. കഴിഞ്ഞ നാലു വർഷമായി ഈ പ്രദേശത്ത് നടക്കുന്ന നിരന്തരമായ റോഡ് അപകടങ്ങൾക്ക് ശാശ്വതപരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച മലപ്പുറത്തുള്ള ദേശീയപാത മരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ എംപിയും മറ്റ് ജനപ്രതിനിധികളും നേരിട്ട് എത്തിയിരുന്നു.
അന്നുനടന്ന ചർച്ചയുടെ തീരുമാനപ്രകാരം ദേശീയപാത മരാമത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടുന്ന സംഘം പനയമ്പാടം അപകടസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. അപകടങ്ങൾ കുറയ്ക്കാനായി റോഡിൽ നിർദേശിച്ചിട്ടുള്ള അറ്റകുറ്റപ്പണികളുടെ അപര്യാപ്തത എംപി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വിദഗ്ധസംഘം അപകട സ്ഥലം സന്ദർശിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. നിലവിൽ ഉള്ള റോഡിന്റെ മിനുസം കുറച്ച് പരുക്കനാക്കണമെന്നും വെള്ളം കുത്തിഒഴുകുന്ന അപകടവളവിൽ ആവശ്യമായ ഡ്രൈനേജ് നിർമിക്കണമെന്നും നാട്ടുകാരും ഇവരോട് ആവശ്യപ്പെട്ടു.
പരിശോധനയ്ക്ക് ശേഷം എംപിയുടെ ചേംബറിൽ എത്തിയ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലാണ് അപകടങ്ങൾക്ക് ശാശ്വതപരിഹാരത്തിന് ആവശ്യമായ പദ്ധതി സമർപ്പിക്കാൻ എംപി നിർദേശിച്ചത്. ഇപ്പോഴത്തെ അറ്റകുറ്റപ്പണിക്കൊപ്പം റോഡിന്റെ പ്രതലം പരുക്കൻ ആക്കുവാനും ആവശ്യമായ ഡ്രൈനേജ് നിർമിക്കാനും എംപി നിർദേശം നൽകി. റോഡിന്റെ വളവ് നിവർത്താൻ ആവശ്യമായ സ്ഥലം അധികമായി ഏറ്റെടുക്കുവാനും റോഡ് നിർമാണത്തിനുമായാണ് പുതിയ എസ്റ്റിമേറ്റ് ഉണ്ടാക്കാൻ എംപി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യങ്ങളിൽ വിശദമായ ഉറപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചതായി എംപി പറഞ്ഞു. ദേശീയപാത മരാമത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ രാജേഷ് ചന്ദ്രൻ, എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൾ അസീസ്, മറ്റ് ഉദ്യോഗസ്ഥർ, ആന്റണി മതിപ്പുറം, യൂസഫ് പാലക്കൽ, വി.കെ. ഷൈജു, കെ.കെ. ചന്ദ്രൻ, എ.എം. മുഹമ്മദ് ഹാരിസ്, നൗഷാദ് ഇടക്കുർശി, പി.കെ.എം. മുസ്തഫ, സലാം അറോണി എന്നിവർ എംപി ഓഫീസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.