ഇതു ബസ് സ്റ്റാൻഡല്ലേ, കാറും ചരക്കുവാഹനങ്ങളും എന്തിന്?
1572989
Saturday, July 5, 2025 12:14 AM IST
വണ്ടിത്താവളം: ടൗണ്‍ ബസ്സ്റ്റാൻഡിനകത്ത് കാർപാർക്കിംഗ് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. വിവിധ ആവശ്യങ്ങൾക്കു വണ്ടിത്താവളം ടൗണിലെത്തുന്നവർ ബസ്സ്റ്റാൻഡികത്ത് ബസ്ട്രാക്കിൽ കാർനിർത്തിയിട്ടു പോവുകയും രണ്ടുംമൂന്നും മണിക്കൂർ കഴിഞ്ഞാണ് തിരിച്ചു കൊണ്ടുപോവുന്നത്.
ബുധനാഴ്ച സ്റ്റാൻഡിൽ നിർത്തിയിട്ട ബസ് പുറകോട്ടെടുത്തപ്പോൾ പിന്നിൽ നിർത്തിയിരുന്ന
കാറിലിടിച്ച സംഭവമുണ്ടായി. കാറിന്റെ ഡോറിന് കേടുപാടുകളും സംഭവിച്ചു. സമീപത്ത് പൊതുപരിപാടികൾ നടക്കുന്ന സമയത്ത് സ്റ്റാൻഡിനകത്ത് ബസുകൾക്കോ യാത്രക്കാർക്കോ കയറാൻപറ്റാത്തവിധം കാറുകൾ നിറഞ്ഞിരിക്കും.
വൈകുന്നേര സമയങ്ങളിൽ നൂറുകണക്കിനു വിദ്യാർഥികൾ സ്റ്റാൻഡിനകത്ത് വിവിധ സ്ഥലങ്ങളിലേക്ക് ബസ് കയറാനെത്തുന്നതു അപകടഭീഷണിയിലാണ്. പ്രതിദിനം മുപ്പതോളം ബസുകൾ സ്റ്റാൻഡിൽ കയറിയിറങ്ങാറുണ്ട്. പലപ്പോഴും കാറുകളുടെ തടസം കാരണം സ്റ്റാൻഡിനു മുൻഭാഗത്ത് ബസ് നിർത്തി യാത്രക്കാരെ കയറ്റിപ്പോവാൻ നിർബന്ധിരാവുകയാണ്. സ്റ്റാൻഡിനകത്ത് നാലു പാർക്കിംഗ് യാർഡുകളിലും കാറുകൾ നിർത്തിയിടാറുണ്ട്.
ചില സമയങ്ങളിൽ ചരക്കുലോറികളും നിർത്തിയിടുന്നതു പതിവാണ്. പഞ്ചായത്ത് അധികൃതർ ഇടപെട്ട് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.