കൊലപാതകശ്രമം: കഠിനതടവും പിഴയും
1572804
Friday, July 4, 2025 6:17 AM IST
മണ്ണാർക്കാട്: റോഡരികിൽ നിന്നിരുന്നയാളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. നാട്ടുകൽ തള്ളച്ചിറ പള്ളിത്താഴത്ത് പുതിയ മാളിയേക്കൽ ഷിഹാബുദ്ദീനെയാണ് മണ്ണാർക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ജോമോൻ ജോൺ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധിക കഠിനതടവ് അനുഭവിക്കണം.
2016 ഫെബ്രുവരി നാലിന് വൈകുന്നേരം ഏഴരയോടെ നാട്ടുകൽ തള്ളച്ചിറ റോഡരികിൽ നിന്നിരുന്ന തള്ളച്ചിറമലയിൻ കണ്ടത്തിൽ വീട്ടിൽ ജനാർദനന്റെ മകൻ നിഖിലിനെയാണ് പ്രതി വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
തനിക്കെതിരെ കേസ് നൽകിയതിന്റെ വിരോധത്തിലാണ് കൃത്യം നടത്തിയത്. നാട്ടുകൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സബ് ഇൻസ്പെക്ടർ വി.എസ്. മുരളീധരനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയൻ ഹാജരായി.