കാരാകുറുശിയിലും കല്ലടിക്കോട്ടും തെരുവുനായ് ആക്രമണം: ആറുപേർക്ക് കടിയേറ്റു
1572808
Friday, July 4, 2025 6:17 AM IST
കല്ലടിക്കോട്: ടിബിക്ക് സമീപവും കാരാകുർശി അരപ്പാറ കവലയിലും ആറുപേരെ തെരുവുനായ കടിച്ചുപരിക്കേൽപ്പിച്ചു. കല്ലടിക്കോട് കളിപ്പറമ്പിൽ വീട്ടിൽ ജയപ്രദീഷിന്റെ ഭാര്യ പ്രിയങ്ക (33 ) യ്ക്കാണ്് കല്ലടിക്കോട് യുപി സ്കൂളിന് സമീപത്തുനിന്നു കടിയേറ്റത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു ചികിത്സതേടി.
സ്കൂളിലെ പാചക തൊഴിലാളിയായ അമ്മയെ സഹായിക്കാനായി പോയി വരികയായിരുന്നു അവർ. ഗേറ്റിനുപുറത്ത് എത്തിയതോടെ ഒരുകൂട്ടം നായ്ക്കൾ ഓടി അടുത്തേക്ക് വന്നു. നായ്ക്കളെ കണ്ട് ഭയന്ന് തിരിച്ചു സ്കൂളിലേക്ക് കയറിയ പ്രിയങ്കയെ ഒരു നായ ഓടിയെത്തി കടിക്കുകയായിരുന്നു. കല്ലടിക്കോട്, കരിമ്പ, ഇടക്കുർശി, പൊന്നംകോട്, തച്ചമ്പാറ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുനായ്ക്കൾ വ്യാപകമാണ്. സ്കൂളിൽ പോകുന്ന കുട്ടികളും വഴിയാത്രക്കാരും നായ്ക്കളെ പേടിച്ചാണ് പുറത്തിറങ്ങുന്നത്.
മണ്ണാർക്കാട്: കാരാകുറുശിയിൽ അഞ്ചുപേരെ തെരുവുനായ ആക്രമിച്ചു. രൂപൽ (24), സ്വാമിനാഥൻ (72), ഷാജുദ്ദീൻ (35), അമൽ (14), ബൈജു (48) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സനൽകി. അരപ്പാറ കവലയിൽ നിന്നിരുന്ന ഇവരെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നു.
കാരാകുറുശിയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇവയെ നിയന്ത്രിക്കാൻ ഗ്രാമപഞ്ചായത്ത് ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനുമുമ്പും കാരാകുറുശിയിൽ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.