സുസ്ഥിര തൃത്താല പദ്ധതിയിൽ 38 പച്ചത്തുരുത്തുകൾ സജ്ജം
1572994
Saturday, July 5, 2025 12:14 AM IST
തൃത്താല: സുസ്ഥിര തൃത്താലയുടെ ഭാഗമായി മണ്ഡലത്തിൽ 21 വിദ്യാവനം ഉൾപ്പെടെ 38 പച്ചത്തുരുത്തുകൾ സജ്ജമാക്കിയതായി എംജിഎൻആർജിഎ മിഷൻ ഡയറക്ടർ എ. നിസാമുദ്ദീൻ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 ഏക്കർ സ്ഥലത്ത് 16,154 തൈകൾ നട്ടു പിടിപ്പിച്ചുകൊണ്ടാണ് പച്ചത്തുരുത്തുകൾ നിർമിച്ചിട്ടുള്ളത്.
ഓണം ലക്ഷ്യമാക്കി 162 ഏക്കർ സ്ഥലത്താണ് സുസ്ഥിര തൃത്താലയുടെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിക്കുന്നത്. പച്ചക്കറിക്ക് പുറമേ ചെണ്ടുമല്ലി കൃഷിയും ആരംഭിച്ചിട്ടുണ്ട്.
സുസ്ഥിര തൃത്താലയുടെ ഭാഗമായി ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറി, വിപണി വിലയേക്കാൾ 20 ശതമാനം ഉയർന്ന വിലക്ക് സംഭരിക്കും. വിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ വിലക്ക് സുസ്ഥിര തൃത്താലയുടെ വിപണന മേളയിലൂടെ ജനങ്ങൾക്ക് പച്ചക്കറി ലഭ്യമാക്കുമെന്നും അറിയിച്ചു. ഇറിഗേഷൻ, കുളംനവീകരണം, വൈദ്യുതി ഉത്പാദനം സംബന്ധിച്ച വിഷയവും അവലോകന യോഗത്തിൽ ചർച്ചയായി. നവ കേരള മിഷൻ കോ- ഓർഡിനേറ്റർ പി. സെയ്തലവി, മന്ത്രി എം.ബി. രാജേഷിന്റെ പ്രതിനിധി സുധീഷ് കുമാർ, വിവിധ വകുപ്പുമേധാവികൾ, പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.