ചെണ്ടുമല്ലികൃഷിയുമായി നെന്മാറ കൃഷിഭവൻ ജീവനക്കാർ
1572993
Saturday, July 5, 2025 12:14 AM IST
നെന്മാറ: ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയിറക്കി നെന്മാറ കൃഷിഭവൻ ജീവനക്കാർ. തേവർമണി കൽനാട് കെ. രവിചന്ദറിന്റെ 50 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്.
ഓണ വിപണി ലക്ഷ്യമിട്ടാണ് മഞ്ഞ ഓറഞ്ച് നിറത്തിലുള്ള ഹൈബ്രിഡ് ഇനങ്ങൾ വിളവിറക്കിയത്. തമിഴ്നാട്ടിൽനിന്നാണ് വിത്തുകളെത്തിച്ചത്.
കർഷകർക്കിടയിൽ അധിക വരുമാനമെന്ന നിലയിൽ പൂകൃഷിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള സന്ദേശം നൽകുകയാണ് ജീവനക്കാരുടെ സംഘം ലക്ഷ്യമിടുന്നത്.
കൂടാതെ ഇക്കോളജിക്കൽ എൻജിനീറിംഗ് എന്ന പാരിസ്ഥിതിക സൗഹൃദ കൃഷി അവലംബിച്ച് വല്ലങ്ങി, നെല്ലിപ്പാടം, പൂക്കോട്ടുപാടം എന്നീ പാടശേഖരങ്ങളിലെ വയൽവരമ്പിലും ചെണ്ടുമല്ലി കൃഷി ചെയ്യുന്നുണ്ട്.
കെ .ബാബു എംഎൽഎ ചെണ്ടുമല്ലി കൃഷിനടീൽ ഉദ്ഘാടനം നിർവഹിച്ചു. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ആർ. ചന്ദ്രൻ, ഉഷ രവീന്ദ്രൻ, കൃഷി ഓഫീസർ വി. അരുണിമ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, കൃഷി അസിസ്റ്റന്റുമാരായ വി. ലിഖിത, കെ. പ്രകാശ്, കെ. രവിചന്ദർ, കെ.സുദേവൻ, കെ.ശിവരാമൻ, വി. സുധാകരൻ എന്നിവർ പങ്കെടുത്തു.