തെരുവുനായ്ക്കളുടെ ആക്രമണം : കർശനനടപടി ആവശ്യപ്പെട്ട് വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
1573336
Sunday, July 6, 2025 4:09 AM IST
കല്ലടിക്കോട്: തെരുവ്നായ്ക്കളുടെ ആക്രമണം വ്യാപകമായതോടെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കല്ലടിക്കോട്ടെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. മേഖലയിൽ തെരുവ്നായ്ക്കളുടെ കടിയേറ്റ് നിരവധിപേരാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞദിവസം സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കാനെത്തിയ അമ്മയെ സഹായിക്കാൻ വന്ന മകളെ തെരുവ്നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കുന്നേമുറി ഉന്നതിയിൽ വളർത്തുപശുവിനെയടക്കം തെരുവ്നായ്ക്കൾ കടിച്ചിരുന്നു.
രാത്രിയും പകലുമെന്നില്ലാതെ നായ്ക്കൾ കൂട്ടമായി റോഡിലൂടെ നടന്ന് കടികൂടുന്നതും കാൽനടയാത്രക്കാരുടേയും ഇരുചക്രവാഹനങ്ങളോടിക്കുന്നവരേയും ഓടിച്ചിട്ട് കടിക്കുന്നതും പതിവാണ്. കാലത്ത് മദ്രസയിൽ പോകുന്നവരേയും പള്ളിയിൽ പോകുന്നവരെയും നായ്ക്കൾ കടിക്കാൻ ഓടിക്കുന്നതും പതിവാണ്.
നായ ഓടിക്കുമ്പോൾ കടയിലേക്ക് ഓടിക്കയറുന്ന ആളുകളുടെ പിന്നാലെ കുരച്ചുകൊണ്ട് വരുന്നതും സ്ഥിരമാണ്. തെരുവ്നായ്ക്കളെ പിടിച്ചുകൊണ്ടുപോയി നാട്ടിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണെമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റ് അധികാരികൾക്ക് നിവേദനം കൊടുക്കാനും ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനും തീരിമാനിച്ചിട്ടുണ്ട്. ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അജോ മഞ്ഞാടിക്കൽ അധ്യക്ഷത വഹിച്ചു.