പെരുമാട്ടിയിൽ ഹൈടെക് മാർക്കറ്റ് യാഥാർഥ്യമാകുന്നു
1573326
Sunday, July 6, 2025 4:09 AM IST
പാലക്കാട്: പ്രാദേശിക കാർഷികോത്പന്നങ്ങൾക്ക് പുതിയ വിപണി സാധ്യതകളും കർഷകർക്ക് മികച്ച വരുമാനവും ലക്ഷ്യമിട്ട് പെരുമാട്ടി ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന ഹൈടെക് മാർക്കറ്റ് ആൻഡ് അഗ്രോ പ്രോസസിംഗ് യൂണിറ്റിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം നാളെ നടക്കും.
പ്ലാച്ചിമടയിൽ രാവിലെ 10.30ന് നടക്കുന്ന പരിപാടിയിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനാവും.കെ. രാധാകൃഷ്ണൻ എംപി, കെ. ബാബു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത എന്നിവർ പങ്കെടുക്കും.
2022-23 സാന്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ വിനിയോഗിച്ചാണ് ഒന്നാംഘട്ട നിർമാണ പ്രവർത്തനം നടത്തുന്നത്. കർഷകർക്ക് ന്യായവില ഉറപ്പാക്കാനും കാർഷിക മേഖലയ്ക്ക് ഉണർവേകാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
2014-15 സാന്പത്തിക വർഷത്തിൽ 1.15 കോടി രൂപ മുടക്കി മൂലത്തറ വില്ലേജിലെ കന്പാലത്തറയിൽ അഞ്ച് ഏക്കർ സ്ഥലം ഗ്രാമപഞ്ചായത്ത് ഇതിനായി വാങ്ങിയിരുന്നു. ഈസ്ഥലത്ത് വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്.
പ്രാദേശിക കർഷകരുടെ ഉന്നമനം, ഗുണമേന്മയുള്ള കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനം, കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ, കാർഷിക വിഭവങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ കയറ്റുമതി ചെയ്യാനുള്ള സാധ്യതകൾ എന്നിവയെല്ലാം ഈ മാർക്കറ്റിലൂടെ ലക്ഷ്യമിടുന്നു. ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.