മാജിക് ഫ്രെയിംസിന്റെ പുതിയ സ്ക്രീനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു
കേരളത്തിലെ തിയറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്. അൻപതാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ് മാറി.
കാക്കനാട്ട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് വെഞ്ചരിപ്പ് കർമം നിർവഹിച്ചു.
കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ഇതോടെ മാറി. 23 കേന്ദ്രങ്ങളിലായി നിലവിൽ 50 സ്ക്രീനുകളാണ് മാജിക് ഫ്രെയിംസിനുള്ളത്.

നാല് സ്ക്രീനുകളാണുള്ളത്. ട്രാൻസ്പരന്റ് എൽഇഡി സ്ക്രീനാണ് കാക്കനാട് തിയറ്ററിന്റെ പ്രത്യേകത. 8000 ത്തിലേറെ സീറ്റുകളാണ് മാജിക് ഫ്രെയിംസിന്റെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും കൂടിയുള്ളത്.
പ്രേക്ഷകന് മികച്ച സംവിധാനങ്ങളോടെ സിനിമ കാണാനുള്ള സൗകര്യമൊരുക്കുകയാണ് മാജിക് ഫ്രെയിംസ്. ശബ്ദമായാലും ദൃശ്യമായാലും അവർ ആഗ്രഹിക്കുന്ന പെർഫക്ഷനിൽ നൽകാനാണ് ശ്രമം. മികച്ച ഫുഡ് കോർട്ട്, പാർക്കിംഗ്, വാഷ് റൂമുകൾ എല്ലാം നൽകുന്നിടത്താണ് തിയറ്ററുകൾ ജനപ്രിയമാകുന്നതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
കോലഞ്ചേരിയിലാണ് അടുത്ത തിയറ്റർ സമുച്ചയം. കറുകച്ചാൽ, വെള്ളരിക്കുണ്ട്, എടക്കര പോലുള്ള ചെറിയ പട്ടണങ്ങളിലും മാജിക് ഫ്രെയിംസ് തിയറ്ററുകൾ തുറന്നിട്ടുണ്ട്.
Tags : Magic Frames listin stephen cinema malayalam movie Malayalam Cinema Mollywood Malayalam Movies Malayalam Actors Box Office Malayalam Kerala Film Industry